LiveTV

Live

National

അജിത്ത് ഡോവലിന്റെ മകന്‍റെ ഉടമസ്ഥതയില്‍ കേമാന്‍ ഐലന്‍റില്‍ കമ്പനിയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകമാണ് വിവേക് ഡോവല്‍ ദ്വീപില്‍ ഹെഡ്ജ് ഫണ്ട് കമ്പനി രജിസ്റ്റര്‍ ചെയ്തത്

അജിത്ത് ഡോവലിന്റെ മകന്‍റെ ഉടമസ്ഥതയില്‍ കേമാന്‍ ഐലന്‍റില്‍ കമ്പനിയെന്ന് റിപ്പോര്‍ട്ട്

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിന്‍റെ ഉടമസ്ഥതയില്‍ കേമാന്‍ ഐലന്‍റില്‍ കമ്പനിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകമാണ് വിവേക് ഡോവല്‍ ദ്വീപില്‍ ഹെഡ്ജ് ഫണ്ട് കമ്പനി രജിസ്റ്റര്‍ ചെയ്തത്. കാരവന്‍ മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബ്രിട്ടന്‍, അമേരിക്ക, സിംഗപൂര്‍, കേമാന്‍ ഐലന്‍റ് തുടങ്ങിയിടങ്ങളിലെ രേഖകള്‍ പരിശോധിച്ചാണ് അജിത്ത് ഡോവലിന്‍റെ മകന്‍ വിവേക് ഡോവല്‍ കമ്പനി തുടങ്ങിയത് കണ്ടെത്തിയതെന്നാണ് കാരവന്‍ അവകാശപ്പെടുന്നത്. ബ്രിട്ടന്‍റെ അധികാരപരിധിയില്‍ ഉള്ള കേമാന്‍ ഐലന്‍റ് നികുതി വെട്ടിപ്പിന്‍റെ പേരില്‍ കുപ്രസിദ്ധമായ സ്ഥലമാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിന് ശേഷമായിരുന്നു കേമാന്‍ ഐലന്‍റില്‍ കമ്പനിയുടെ രൂപീകരണം. വിവേക് ഡോവലിന്‍റെ ഇടപാടുകള്‍ സഹോദരന്‍ ശൌര്യ ഡോവലിന്‍റെ വ്യാപാര ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളതാണ്.

ബി.ജെ.പി നേതാവും ഇന്ത്യാ ഫൌണ്ടേഷന്‍ തലവനുമായ ശൌര്യ ഡോവല്‍ മോദി സര്‍ക്കാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ഓഫ് ഷോര്‍ വ്യാപാരത്തിന് മേല്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിന് മുന്‍പ് അജിത്ത് ഡോവല്‍ അംഗീകാരം നല്‍കിയിരുന്നു. ബ്രിട്ടീഷ് പൌരനായ വിവേക് ഡോവല്‍ നിലവില്‍ സിംഗപൂരിലാണ് താമസം. ജി.എന്‍.വൈ ഏഷ്യ ഫണ്ട് എന്ന പേരിലാണ് ഹെഡ്ജ് ഫണ്ട് വിഭാഗത്തില്‍ പെടുന്ന കമ്പനി രൂപീകരിച്ചത്. പനാമ പേപ്പറിലും പാരഡൈസ് പേപ്പറിലും പേര് വന്ന വാള്‍ക്കേഴ്സ് കോര്‍പ്പറേറ്റ് ലിമിറ്റഡിന് കീഴിലാണ് ജി.എന്‍.വൈ ഏഷ്യാ ഫണ്ടെന്നും കാരവന്‍ കണ്ടെത്തി.