LiveTV

Live

National

ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

എസ്.പി- ബി.എസ്.പി സഖ്യം, ഭരണം കൈവശമുള്ള ബി.ജെ.പി എന്നിവര്‍ക്കിടയില്‍ സംസ്ഥാനത്തെ പോരാട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. വലിയ സ്വാധീനം ഇല്ലെങ്കിലും ഉത്തര്‍പ്രദേശിലെ പ്രകടനം സുപ്രധാനമാണ്.

ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സഖ്യസാധ്യതകളും യോഗം വിലയിരുത്തി. സംസ്ഥാനത്തെ മത്സരം ബി.ജെ.പി-എസ്.പി- ബി.എസ്.പി എന്ന നിലയിലേക്ക് മാറാതെ സാന്നിധ്യം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് പി.സി.സി അധ്യക്ഷന്‍മാരെയും ജനറല്‍ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി വിവര ശേഖരണം നടത്തിയതിന് ശേഷമാണ് കോര്‍ കമ്മിറ്റി ചേര്‍ന്ന് അവലോകനം നടത്തിയത്. സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍, സഖ്യസാധ്യത, തെരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ളവ ചര്‍ച്ച ചെയ്തു.

ഉത്തര്‍പ്രദേശ് സംബന്ധിച്ചായിരുന്നു മുഖ്യ ചര്‍ച്ച. താഴെ തട്ടുമുതല്‍ സ്വാധീനമുള്ള എസ്.പി- ബി.എസ്.പി സഖ്യം, ഭരണം കൈവശമുള്ള ബി.ജെ.പി എന്നിവര്‍ക്കിടയില്‍ സംസ്ഥാനത്തെ പോരാട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. വലിയ സ്വാധീനം ഇല്ലെങ്കിലും ഉത്തര്‍പ്രദേശിലെ പ്രകടനം സുപ്രധാനമാണ്. 80 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രചാരണം ശക്തമാക്കാനുള്ള തീരുമാനം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കായി ഒരു കമ്മിറ്റി രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിക്കും നിര്‍ണായ റോള്‍ ഉണ്ടായേക്കാം.