LiveTV

Live

National

അനധികൃത ഖനിയില്‍ മേഘാലയ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആസാദ് സമാന്‍

അനധികൃത തൊഴിലില്‍ ഏര്‍പ്പെട്ട, കുടിയേറ്റക്കാരായ തൊഴിലാളികള്‍ എന്നാരോപിച്ച് ഒരു നടപടിയും ഖനന മേഖലയിലെ അപകടങ്ങളില്‍ ഇതുവരെ മേഘാലയ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടായിരുന്നില്ല

അനധികൃത ഖനിയില്‍ മേഘാലയ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആസാദ് സമാന്‍

അനധികൃത ഖനികളുടെ കാര്യത്തില്‍ മേഘാലയ സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്ന് രജബാല എം.എല്‍.എ ആസാദ് സമാന്‍. മുഖ്യമന്ത്രി ടെലിവിഷന്‍ ചാനലുകളോടു പറയുന്ന കാര്യങ്ങള്‍ സഭയില്‍ സമ്മതിച്ചാല്‍ ഈ ഖനികളെ നിയന്ത്രിക്കേണ്ടി വരും എന്നതാണ് ഈ ഇരട്ടത്താപ്പിന്റെ കാരണമെന്നും മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ സമാന്‍ പറഞ്ഞു. ലുംതാരി ഖനിയില്‍ അപകടത്തില്‍ കാണാതായവരില്‍ ഏഴുപേര്‍ ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിന്നുള്ളവരാണ്.

അനധികൃത തൊഴിലില്‍ ഏര്‍പ്പെട്ട, കുടിയേറ്റക്കാരായ തൊഴിലാളികള്‍ എന്നാരോപിച്ച് ഒരു നടപടിയും ഖനന മേഖലയിലെ അപകടങ്ങളില്‍ ഇതുവരെ മേഘാലയ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രിംകോടതിയുമടക്കമുള്ളവരുടെ അതിശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് അപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കേണ്ടി വന്നത്. കല്‍ക്കരി ഖനികളില്‍ എലിമട ഖനനം നടക്കുന്നില്ലെന്നാണ് ഖനന വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ സഭയില്‍ സ്വീകരിച്ച നിലപാട്.

ഖനന മാഫിയയെ സഹായിക്കുന്ന നിലപാടാണ് സഖ്യകക്ഷിയായ ബി.ജെ.പിയുടേതും. എലിമട ഖനനം നിയമവിധേയമാക്കുമെന്ന് ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരസ്യമായി റാലികളില്‍ വ്യക്തമാക്കുക പോലുമുണ്ടായി. സംഭവ സ്ഥലം സന്ദര്‍ശിക്കാതെയും സഭയില്‍ നിഷേധിച്ചും അനധികൃത ഖനനം സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് രേഖകകളില്‍ ഉറപ്പു വരുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സമാന്‍ ആരോപിച്ചു.