LiveTV

Live

National

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, കണക്കുകളനുസരിച്ച് മുസ്‍ലിംകളായിരിക്കും ഏറ്റവും അര്‍ഹര്‍ എന്ന് ലേഖിക പറയുന്നു.

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് വേണ്ടി ജനറല്‍ വിഭാഗത്തിൽ 10 % സംവരണം നടപ്പിലാക്കാനുള്ള നിർദേശക തത്വങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ, പ്രസ്തുത സംവരണം നിലവിലെ ക്വാട്ടകളിൽ ഉൾപ്പെടാത്ത മുസ്‍ലിംകളടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങൾക്കും ബാധകമാവുമെന്ന് സര്‍ക്കാര്‍ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, അടിസ്ഥാന വിവരങ്ങളനുസരിച്ച് ഈ സംവരണത്തിനർഹരായ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്വാട്ടയുടെ ഏറിയ പങ്കും മുസ്‍ലിംകൾക്ക് തന്നെയാവും ലഭിക്കുക എന്ന് കാണാം.

രാജ്യത്തെ ഓരോരുത്തരും അർഹരാകും വിധം യോഗ്യതാ മാനദണ്ഡങ്ങൾ ആവശ്യത്തിലധികം വിശാലമാക്കിയിട്ടാണ് ഉയർന്ന ജാതി സംവരണം നടപ്പിലാക്കിയത്.

ഒരു ശതമാനമൊഴിച്ച് രാജ്യത്തെ എല്ലാവര്‍ക്കും സംവരണത്തിന് അര്‍ഹരാക്കുന്നതാണ് പുതിയ തീരുമാനം
ഒരു ശതമാനമൊഴിച്ച് രാജ്യത്തെ എല്ലാവര്‍ക്കും സംവരണത്തിന് അര്‍ഹരാക്കുന്നതാണ് പുതിയ തീരുമാനം

വാർഷിക ഗാർഹിക വരുമാനം 8 ലക്ഷമാണ് സംവരണത്തിനുള്ള യോഗ്യതാ കട്ട് ഓഫ് ആക്കാൻ ഉദ്ദേശിക്കുന്നത് എന്ന് നരേന്ദ്ര മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ 5 ഏക്കറിന് മുകളിൽ കൃഷി ഭൂമി സ്വന്തമായുള്ള, 1000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുള്ള, അല്ലെങ്കിൽ ഒരു നോട്ടിഫൈഡ് മുനിസിപ്പൽ ഏരിയയിൽ 100 അടിയോ അതിൽ കൂടുതലോ ഉള്ള പ്ലോട്ടുള്ള, അതുമല്ലെങ്കിൽ ഒരു നോട്ടിഫൈഡ് ചെയ്യാത്ത പ്രദേശത്ത് 200 അടിയോ അതിൽ കൂടുതലോ ഉള്ള പ്ലോട്ടുള്ള കുടുംബങ്ങളൊന്നും തന്നെ ഇതിനു അര്‍ഹരായിരിക്കില്ല.

നാഷണൽ കൌൺസിൽ ഫോർ അപ്പ്ളൈഡ് ഇക്കണോമിക് റിസര്‍ച്ചും യൂണിവേഴ്സിറ്റി ഓഫ് മേരി ലാൻഡും ചേർന്ന് 2011 - 12 കാലയളവിൽ നടത്തിയ ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് സർവ്വേ (IHDS) അനുസരിച്ച്, ശരാശരിയെടുത്താൽ, രാജ്യത്തെ ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന് മുകളിൽ വളരെ കുറച്ചു പേർക്കുമാത്രമേ 8 ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളൂ.

എന്നാൽ, നിലവിലുള്ള സംവരണ സ്കീമുകളിൽ പെടാത്ത വിഭാഗങ്ങളിൽ, സംശയ ലേശമന്യേ, മുസ്‍ലിംകളാണ് ഏറ്റവും ദരിദ്രയായിട്ടുള്ളത്. 2011 -12 ലെ കണക്കുകൾ പ്രകാരം ശരാശരി ഇന്ത്യൻ വാർഷിക ഗാർഹിക വരുമാനം 1.13 ലക്ഷം രൂപയായിരുന്നു. അതിൽ ഏറ്റവും കുറവ് സമ്പാദ്യം പട്ടിക - ജാതി, പട്ടിക - വർഗ വിഭാഗങ്ങൾക്കും, അത് കഴിഞ്ഞ ശേഷം മുസ്‍ലിംകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുമാ(OBC)യിരുന്നു.

ഇന്ത്യൻ ശരാശരിയേക്കാൾ ഒന്നര മടങ്ങ് അധികം ഗാർഹിക വരുമാനമുള്ള ഉന്നത ജാതിക്കാരാണ് കൂട്ടത്തിൽ ഏറ്റവും ധനികർ. നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം, 2011 - 12 ൽ ഗ്രാമീണ മേഖലയിൽ വെറും 3 % ൽ താഴെ ആളുകൾക്ക് മാത്രമേ 5 ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായുള്ളൂ. അതിൽ തന്നെ മുസ്‍ലിംകളുടെ അനുപാതം വെറും 1% മാത്രമാണ്.

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

നാഷണൽ ഫാമിലി ഹെൽത് സർവ്വേ (NFHS) യുടെ സാമ്പത്തിക സൂചിക (Wealth Index) ഉപയോഗിച്ച് പാരീസ് സ്കൂൾ ഓഫ് എക്കണോമിക്സിലെ ഗവേഷക വിദ്യാർത്ഥിയായ നിധിൻ ഭാർതി നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: 2005 - 06 ലെ കണക്കനുസരിച്ച്, പിന്നോക്ക ജാതിക്കാരോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും ദരിദ്രരായ അഞ്ചിലൊന്നിൽ വളരെ ഗണ്യമായ ഒരു പങ്ക് മുസ്‍ലിംകളാണ്- മുന്നോക്ക ജാതിക്കാർ വളരെ അപൂർവ്വവും.

പത്തു വർഷങ്ങൾക്കു ശേഷം എന്‍.എഫ്.എച്ച്.എസ് 2015 -16 ഡാറ്റയുടെ ഒരു വിശകലനം മിന്റ് നടത്തുകയുണ്ടായി. അത് പ്രകാരം സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്കിടയിൽ തന്നെ മുസ്‍ലിം കൾ വളരെ കുറവ് പ്രതിനിധീകരിക്കരിക്കപ്പെട്ടവരും മുന്നോക്ക ജാതിക്കാർ കൂടുതൽ പ്രതിനിധീകരിക്കപ്പെട്ടവരുമാണ്.

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

സമ്പത്തിന്റെ കാര്യത്തിൽ മുസ്‍ലിംകള്‍ ഒ.ബി.സി വിഭാഗങ്ങൾക്കൊപ്പം എത്തുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളുടെ കാര്യത്തിൽ മുസ്‍ലിംകൾ, ഒ.ബി.സിക്കാർക്ക് വളരെ പിറകിലാണ്.

ഇതിനു പുറമെ, ക്വാട്ടകളുടെ പരിമിതി മൂലമാകാം, മുസ്‍‍ലിംകളുടെ സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. 1950 കളുടെ പകുതി മുതലുള്ള അവസ്ഥ പരിശോധിക്കുകയാണെങ്കിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ തലമുറകൾക്കിടയിലുള്ള ചലനാത്മകത (Intergenerational Mobility) - പിതാവിനേക്കാൾ കൂടുതൽ അവസരങ്ങൾ മക്കൾക്ക് കിട്ടുന്ന അവസ്ഥ - വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ മുസ്‍ലിംകൾക്കാവട്ടെ, ഈ കാര്യത്തിലും പുരോഗതിയുണ്ടായിട്ടില്ല.

ലോക ബാങ്ക്, ഡാര്‍ട്ട്മൌത്ത, മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ദരായ സാം ആശേർ, പോൾ നവോസാദ്, ചാർളീ റാഫ്‌കിന് എന്നിവർ വിദ്യാഭ്യാസ 'നേട്ടങ്ങളെ' ഒരു വിഭാഗത്തിന്റെ മൊത്തത്തിലുള്ള ചലനാത്മകതയെക്കുറിച്ച് പഠിക്കാനുള്ള ഉപാധിയായി വെക്കുകയുണ്ടായി. അവരുടെ നിരീക്ഷണമനുസരിച്ച് കഴിഞ്ഞ 20 വർഷങ്ങളായി മുസ്‍ലിം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം പ്രതീക്ഷിച്ചതിലും താഴെയാണ്. മാത്രമല്ല, തലമുറകൾക്കിടയിലുള്ള ചലനാത്മകതയിലുള്ള വ്യത്യാസം പട്ടിക ജാതി/ വർഗ വിഭാഗങ്ങളെയപേക്ഷിച്ച് വളരെ മോശവുമാണ്.

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

"ഉയർന്ന ജാതി ഹിന്ദുക്കൾക്ക് മുന്നോട്ടുള്ള പ്രയാണം വളരെ പ്രയാസകരമാണെന്ന സർവ്വാംഗീകൃതമായ അഭിപ്രായത്തിനു വിപരീതമായി, ഉയർന്ന ജാതി വിഭാഗങ്ങൾ കാല ക്രമേണ സ്ഥായിയായ, ഉയർന്ന ഒരു ചലനക്ഷമത നേടിയെടുത്തിട്ടുണ്ട്". അവർ എഴുതുന്നു.

സംവരണ ക്വാട്ടകൾക്ക് വിദ്യാഭ്യാസ പുരോഗതിയെ ത്വരിതപ്പെടുത്താൻ കഴിയും എന്നതിന് തെളിവുകളുണ്ട്. ബെൽജിയത്തിലെ നാമൂർ യൂണിവേഴ്സിറ്റി യിലെ എക്കണോമിസ്റ് ആയ ഗില്‍ഹം കസ്സാന്‍ (Guilhem Cassan) 1976 ൽ ഒരു സ്വാഭാവികമായ പരീക്ഷണത്തിന്റെ സഹായത്തോടെ ഇത് തെളിയിക്കുകയുണ്ടായി. 1976 ലാണ് സ്വാതന്ത്രാനന്തരം ആദ്യമായി സംസ്ഥാനങ്ങളിലെല്ലാം പട്ടിക ജാതി ലിസ്റ്റുകൾ ഏകീകരിച്ച് ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾക്ക് പുതുതായി എസ്‍.സി സ്റ്റാറ്റസ് പതിച്ചു നൽകിയത്.

സ്വതന്ത്ര ലഭിച്ചത് മുതൽ തന്നെ എസ്‍.സി സ്റ്റാറ്റസ് ഉണ്ടായിരുന്നവരുടെയും 1976 ൽ പുതുതായി എസ്‍.സി സ്റ്റാറ്റസ് ലഭിച്ചവരിൽ സ്കൂളിൽ പോകുന്ന പ്രായ പരിധിയിലുണ്ടായിരുന്നവരുടെയും വിദ്യാഭ്യാസ നിലവാരം കസ്സൻ താരതമ്യപ്പെടുത്തി. എസ്‍.സി സ്റ്റാറ്റസ് ലഭിച്ചതോടെ സ്കൂളിൽ പോയി പഠിക്കുന്ന വർഷങ്ങളുടെ എണ്ണത്തിലും സാക്ഷരതയുടെ കാര്യത്തിലും ഗ്രാഹ്യ ശേഷിയിലും പുരോഗതിയുണ്ടായതായി കസ്സൻ കണ്ടെത്തി.

മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?

അമിത -വിശാലമായ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുക വഴി മോഡി സര്‍ക്കാര്‍ പുതിയ പ്രഖ്യാപിത ക്വാട്ട പരോക്ഷമായി നിലവിലെ സംവരണ സ്കീമുകളിൽ പെടാത്ത എല്ലാ ഇന്ത്യക്കാർക്കുമായി തുറന്നു വെക്കുകയാണ് ചെയ്തത്. മുസ്‍ലിംകളുടെ ഈ പിന്നോക്കാവസ്ഥ ഏതു പുതിയ affirmative ആക്ഷൻ വന്നാലും അതിന്റെ ആദ്യ അവകാശികളാവാൻ അവരെ അർഹരാക്കുന്നുണ്ട്.

എന്നാൽ, ഒരു സംവരണ ജോലിക്കു വേണ്ടിയോ വിദ്യാഭ്യാസ അവസരത്തിന് വേണ്ടിയോ മുസ്‍ലിംകൾക്ക് ഉന്നത ജാതി ഹിന്ദുക്കളുമായി മത്സരിക്കേണ്ടി വന്നാലാവട്ടെ, അവർ തെരഞ്ഞെടുക്കപ്പെടുന്നതോ ഏറ്റവും അവസാനമായും.

വിവര്‍ത്തനം: മുഫീദ കെ.ടി | കടപ്പാട്: ലൈവ്‍മിന്റ്