LiveTV

Live

National

കോമണല്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് സിക്രി ഏറ്റെടുക്കില്ല

ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമമന്ത്രാലയത്തിന് ജസ്റ്റിസ് കത്ത് നല്‍കി. 

 കോമണല്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് സിക്രി ഏറ്റെടുക്കില്ല

കോമണല്‍ വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് എ.കെ സിക്രി ഏറ്റെടുക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമമന്ത്രാലയത്തിന് ജസ്റ്റിസ് കത്ത് നല്‍കി. നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. മാര്‍ച്ച് ആറിന് വിരമിച്ച ശേഷം സിക്രിയെ ട്രിബ്യൂണലില്‍ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം..

കോമണല്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്ക് ജസ്റ്റിസ് എ.കെ സിക്രിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തായതോടെ വലിയ വിവാദമാണ് ഉയര്‍ന്ന് വന്നത്. പ്രത്യേകിച്ചും അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സിക്രി അംഗമായിരുന്ന സാഹചര്യത്തില്‍. അലോക് വര്‍മ്മയെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തോട് സിക്രിയും അനുകൂലിച്ചതോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ വിയോജിപ്പിനെ മറി കടന്ന് തീരുമാനമെടുത്തത്. നിയമനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് സിക്രി സര്‍ക്കാരിനെ അറിയിച്ചു. നിയമനത്തിന് സമ്മതം നല്‍കിയിരുന്ന സിക്രി അത് റദ്ദാക്കുകയാണെന്ന് കത്ത് വഴി നിയമമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

വരുന്ന മാര്‍ച്ച് ആറിനാണ് സുപ്രിം കോടതിയിലെ രണ്ടാമനായ ജസ്റ്റിസ് സിക്രി വിരമിക്കേണ്ടത്. ഇതിന് ശേഷം കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സ്ഥാപനമായ സി.എസ്.എ.ടിയില്‍ നിയമിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.അതേസമയം ജസ്റ്റിസ് സിക്രിയുടെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സെലക്ഷന്‍ സമതിയില്‍ അംഗമാകുന്നതിന് മുന്‍പ് ഇക്കാര്യം ജസ്റ്റിസ് സിക്രി വെളിപ്പെടുത്തണമായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്സിങ് അടക്കമുള്ളവര്‍ കുറ്റപ്പെടുത്തി.