LiveTV

Live

National

അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നീക്കം

മൊയിന്‍ ഖുറേഷി കേസില്‍ അലോക് വര്‍മ്മ ഇടപെട്ടുവെന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിക്കുക.  

അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നീക്കം

മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. അലോക് വര്‍മ്മക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ചില ആരോപണങ്ങളില്‍ തെളിവുണ്ടെന്നാണ് സി.വി.സി വ്യക്തമാക്കുന്നത്. സി.വി.സി സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

Also read: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മ രാജിവെച്ചു

മോയിന്‍ ഖുറേഷി കേസില്‍ അലോക് വര്‍മ്മക്കെതിരെ ചില ഫോണ്‍ സംഭാഷങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നാണ് സി.വി.സി ചൂണ്ടിക്കാണിക്കുന്നത്. സി.ബി.ഐ തലവനോട് സംസാരിച്ചതായും സനക്ക് വേണ്ട സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇടനിലക്കാരനായ സനയും മറ്റൊരാളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ടെന്നും സി.വി.സി അവകാശപ്പെടുന്നു. റോയാണ് ഈ സംഭാഷണം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ക്രിമിനല്‍ നടപടിക്കും നിര്‍ദേശിക്കണമെന്നാണ് സി.വി.സിയുടെ ആവശ്യം.

ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് കത്തയച്ച് തന്നെ സി.വി.സി ആവശ്യം ഉന്നയിക്കും. സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ സി.വി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില തെളിവുകളില്‍ അലോക് വര്‍മ്മക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മറ്റി അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ സി.വി.സി അന്വേഷണത്തില്‍ അലോക് വര്‍മ്മക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീംകോടതി മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ പട്‌നായിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.