LiveTV

Live

National

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മ രാജിവെച്ചു

ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ അലോക് വര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മ രാജിവെച്ചു

കഴിഞ്ഞ ദിവസം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ അലോക് വര്‍മ രാജിവെച്ചു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ അലോക് വര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മുമ്പാകെ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും അലോക് വര്‍മ്മ കത്തില്‍ പറയുന്നുണ്ട്. തന്നെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയെന്ന ലക്ഷ്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും കീഴ്‌മേല്‍ മറിക്കുകയായിരുന്നു. സി.ബി.ഐ കേസെടുത്തിട്ടുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.വി.സി റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മറ്റി പരിഗണിച്ചില്ല.

അലോക് വര്‍മ്മയുടെ കത്ത്
അലോക് വര്‍മ്മയുടെ കത്ത്

ജൂലൈ 31ന് തന്റെ വിരമിക്കല്‍ പ്രായം കഴിഞ്ഞതാണെന്നും സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ ജനുവരി 31 വരെ തുടരാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കം ചെയ്ത് ഫയര്‍സര്‍വ്വീസസ് ഡി.ജി പദവി ഏറ്റെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ പദവിയുടെ പ്രായ പരിധി കഴിഞ്ഞതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാണ് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

Also read: സി.ബി.ഐയില്‍ വീണ്ടും അധികാരക്കളി: അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ നാഗേശ്വര റാവു റദ്ദാക്കി

സി.ബി.ഐ തലപ്പത്തെ ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. 1984 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസ്താന. ഗുജറാത്ത് പൊലീസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര മന്ത്രിസഭ നിയമിക്കുകയായിരുന്നു. ഇതോടെ സി.ബി.ഐ തലപ്പത്തെ രണ്ടാമത്തെ അധികാരകേന്ദ്രമായി അസ്താന മാറി.

അലോക് വര്‍മ്മ
അലോക് വര്‍മ്മ

കൈക്കൂലി കേസില്‍ സി.ബി.ഐ തന്നെ രാകേഷ് അസ്താനക്കെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ അസ്താനയും പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാറും കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതിക്കാരനായ ആരോപണം. സനാ സതീഷ് ബാബുവിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കേസിന് പിന്നില്‍ അലോക് വര്‍മ്മയുടെ വ്യക്തിവൈരാഗ്യമാണെന്ന ആരോപണവുമായി അസ്താന രംഗത്തെത്തി.

അലോക് വര്‍മ്മ അഴിമതിക്കാരനാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന പരാതി നല്‍കുകയും ചെയ്തു. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാന്‍ അലോക് വര്‍മ്മ കോഴവാങ്ങിയെന്ന ആരോപണം അലോക് വര്‍മ്മക്കെതിരെ ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം അലോക് വര്‍മ്മക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.

രാകേഷ് അസ്താന
രാകേഷ് അസ്താന

77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. സി.ബി.ഐ ഡയറക്ടറെ നീക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗമായ സമിതിക്ക് മാത്രമേ അത്തരം തീരുമാനമെടുക്കാനാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയും അടങ്ങിയ ഉന്നതാധികാര സമിതി ചേരുകയും അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയുടെ വിയോജിപ്പോടെയായിരുന്നു തീരുമാനം.

സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ തൊട്ട് മുമ്പുണ്ടായിരുന്ന ഡയറക്ടര്‍ എം.നാഗേശ്വര റാവും ഇറക്കിയ എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കിയിരുന്നു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ ഉന്നതാധികാര സമിതി അലോക് വര്‍മ്മയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ചുമതല ഒഴിയുകയായിരുന്നു.