LiveTV

Live

National

സാമ്പത്തിക സംവരണത്തെ  എതിര്‍ത്ത് ലോക്സഭയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം 

സാമ്പത്തിക സംവരണത്തെ  എതിര്‍ത്ത് ലോക്സഭയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം 

മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോക്സഭ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ചത് ആകെ 3 എം.പിമാര്‍ മാത്രമാണ്. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എ.ഐഎം.ഐ.എം.അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ല് പിന്‍വലിക്കണമെന്ന് ശക്തമായി തന്നെ ആവശ്യപ്പെട്ടു.

ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ആരോഗ്യകരമായ എല്ലാ പാര്‍ലമെന്റെറി ചര്‍ച്ചകളും മാറ്റി വെച്ച് നാടകീയമായ രീതിയിലുള്ള ഈ നിയമനിര്‍മാണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഏതൊരു ബില്ലിനും ചില ലക്ഷ്യവും കാരണവും പ്രതിപാദിക്കാറുണ്ട്. പക്ഷെ ഈ ബില്ലിന്റെ ലക്ഷ്യവും കാരണവും നല്‍കിയത് തന്നെ വസ്തുതകള്‍ക്ക് വിരുദ്ധമായാണ്. ഈയൊരു ബില്ല് കൊണ്ട് വരാനുള്ള സാഹചര്യം തന്നെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്, അതിനെ മുന്നില്‍ കണ്ടു കൊണ്ട് മാത്രമാണ് ഈ ബില്ല് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സാമൂഹികപരമായും വിദ്യാഭ്യാസപരമായുള്ള അധികാരങ്ങളില്‍ നിന്ന് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടു വരിക എന്നതാണ് സംവരണത്തിന്റെ കാതല്‍. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന അടിച്ചമര്‍ത്തപ്പെട്ട, അസമത്വവും വിവേചനവും നേരിടുന്ന വിഭാഗങ്ങളെ പരിഗണിക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശം തന്നെ. പുതിയ നിയമനിര്‍മാണത്തിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളായ 15 ഉം 16ഉം ഭേദഗതി വരുത്തി പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടു വരികയാണ്. സാമ്പത്തിക സംവരണം കൊണ്ടു വരിക എന്നത് തന്നെ സംവരണത്തിന്റെ പൊരുളിനെതിരാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇപ്പോഴും പ്രശ്നങ്ങളിലും ദുരിതത്തിലുമാണ്. നിരവധി കമ്മീഷനുകളും അവരുടെ നിര്‍ദ്ദേശങ്ങളും ഈ പിന്നോക്കാവസ്ഥയെ സംബന്ധിച്ചുണ്ട്. 1979ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ രണ്ടാം പിന്നാക്ക കമ്മീഷനെ നിയോഗിച്ചു. 1983 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ ഗോപാല്‍ സിങ് കമ്മീഷന്‍ അതിന് ശേഷം സച്ചാര്‍ കമ്മീഷന്‍, ജഗന്നാദ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് അതിന് ശേഷം പ്രൊഫസര്‍ കുണ്ടു കമ്മീഷന്‍ റിപ്പോര്‍ട്ട്... ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടികാണിക്കുന്നത് ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ അതീവ ദയനീയ സ്ഥിതിയിലാണ് എന്ന് തന്നെയാണ്. ഈ കമ്മീഷനുകളെല്ലാം തന്നെ ഉറപ്പിച്ചു പറഞ്ഞത് സംവരണമാണ് ഇതിനെല്ലാം ആകെ പരിഹാരം എന്ന് തന്നെയാണ്. നിങ്ങളെല്ലാം ഇന്ദ്ര സോഹാനി കേസിനെ കുറിച്ചാണല്ലോ സംസാരിച്ചത്, സംവരണത്തെ കുറിച്ചുള്ള ഏറ്റവും പ്രാധാന്യമേറിയ അടയാളപ്പെടുത്തിയ ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷനോടനുബന്ധിച്ച ഇന്ദ്ര സോഹാനി കേസ്. സംവരണം അനുവദിക്കാന്‍ ഒരിക്കലും സാമ്പത്തിക സ്ഥിതി മാനദണ്ഡമാക്കരുതെന്ന് കൃത്യമായി തന്നെ കോടതി ആ കേസിലെ വിധിയില്‍ പറയുന്നുണ്ട്. എന്ന് മാത്രമല്ല സാമ്പത്തികം സംവരണത്തിന് മാനദണ്ഡമാക്കുക വഴി അധികാരശ്രേണിയെ വീണ്ടും ഉയര്‍ത്തുകയേ ചെയ്യൂവെന്നും സാമൂഹിക ക്രമത്തില്‍ കുത്തകവകാശം സ്ഥാപിക്കാന്‍ സഹായിക്കുക വഴി സംവരണത്തിന്റെ ലക്ഷ്യത്തിന് എതിരാകുമെന്നും ജഡജ് സാവന്ത് വിധി ന്യായത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഈ നീക്കം കോടതിയും അംഗീകരിക്കില്ല.

എനിക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്, നിങ്ങളെല്ലാവരും ഉയര്‍ത്തുന്നത് മുന്നാക്ക വിഭാഗങ്ങള്‍ക്കും പ്രശ്നങ്ങളും സങ്കടങ്ങളുമുണ്ടെന്നാണല്ലോ. അത് പരിഹരിക്കുക എന്നത് നീതിയല്ലേയെന്നാണല്ലോ ചോദിക്കുന്നത്. ആരും അതിനെ എതിര്‍ക്കുന്നില്ല, പക്ഷേ സംവരണം എന്തെന്ന് നിങ്ങള്‍ മനസ്സിലാക്കണം, മുന്നാക്ക വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും തമ്മിലുള്ള തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ അന്തരം കുറക്കുകയെന്നതാണ് സംവരണത്തിന്റെ ഉദ്ദേശം. അതുകൊണ്ട് പ്രാധാന്യം അതിനാണ് നല്‍കേണ്ടത്. ഇതൊരു ദാരിദ്ര നിര്‍മാര്‍ജന പരിപാടിയല്ല, അതിന് നിരവധി പദ്ധതികളും പരിപാടികളുമുണ്ട്, അത് ചെയ്യണം. ഞങ്ങള്‍ ഒരു മുന്നാക്ക-പിന്നാക്ക വിഭാഗത്തിനും എതിരല്ല, പക്ഷെ നിങ്ങള്‍ തൊഴില്‍പരമായ, വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിന്റെയും മുന്നാക്ക വിഭാഗത്തിന്റെയും പ്രാധിനിധ്യം പരിശോധിക്കണം. അത് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് വസ്തുത മനസ്സിലാകും. എല്ലാ വിധ ആനുകൂല്യങ്ങളും പ്രയോജനങ്ങളും കൂടുതല്‍ അനുഭവിക്കുന്നത് പിന്നാക്ക വിഭാഗമല്ലെന്ന് മനസ്സിലാകും. ഇതൊരു വസ്തുതയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്.

ഏറ്റവും അവസാനമായി എനിക്ക് പറയാനുള്ളത്, നമ്മള്‍ ഒരു നിയമനിര്‍മാണം നടത്താനാണ് പോകുന്നത്, അതിന് മുതിരും മുന്‍പ് അതിന്റെ പ്രശ്നങ്ങള്‍ നാം മനസ്സിലാക്കണം. ഇന്ത്യ സംവരണ വിഷയത്തില്‍ ഇതിന് മുമ്പ് പലതിനും സാക്ഷിയായതാണ്. മണ്ഡല്‍-മസ്ജിദ് പ്രശ്നം ഇതിനൊരുദാഹരണമാണ്. അതെല്ലാം നമുക്കറിയാവുന്നതാണ്, എന്നിട്ടും എന്തിനാണ് നാമിതിന് മുതിരുന്നത്. ഗൂഢോദ്ദേശ്യത്തോടെയുള്ള ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് ബഹുമാനപൂര്‍വം ആവശ്യപ്പെടാനുള്ളത്. വിവേകപരമായ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഈ ബില്ല് പിന്‍വലിക്കുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.