LiveTV

Live

National

‘സാമ്പത്തിക സംവരണം ഭരണഘടനയോടുള്ള വഞ്ചന’ അസദുദ്ദീന്‍ ഒവൈസിയുടെ ലോക്സഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം

‘’മുന്നോക്കക്കാര്‍ എപ്പോഴെങ്കിലും തൊട്ടുകൂടായ്മയോ അടിച്ചമർത്തലോ വിവേചനങ്ങളോ അനുഭവിച്ചിട്ടുണ്ടോ..? പോലീസിന്റെ അന്യായ മർദനങ്ങള്‍ക്ക് ഇരകളായിട്ടുണ്ടോ..? വ്യാജ ഏറ്റുമുട്ടലുകള്‍ നേരിട്ടിട്ടുണ്ടോ..?’’

‘സാമ്പത്തിക സംവരണം ഭരണഘടനയോടുള്ള വഞ്ചന’ അസദുദ്ദീന്‍ ഒവൈസിയുടെ ലോക്സഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോക്സഭ പാസാക്കിയത്. ആകെ 3 എം.പിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ബില്ലിനെ എതിര്‍ത്ത് അസദുദ്ദീന്‍ ഒവൈസി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

ഞാനെന്തുകൊണ്ടാണ് ഈ ബില്ലിനെ എതിര്‍ക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ആകെ ഏഴ് കാര്യങ്ങളാണ് പറയാനുള്ളത്. ആദ്യത്തേത്, ഈ ബില്‍ ഭരണഘടനയോടുള്ള വഞ്ചനയാണ്. ബാബ സാഹിബ് അംബേദ്കറിനെ അവഹേളിക്കുന്നതാണ്. രണ്ടാമത്, സംവരണത്തിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ സാമൂഹിക നീതി നടപ്പിലാക്കുക, പിന്നാക്കക്കാരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നിവയെല്ലാമാണ്. മൂന്നാമത്തെ കാരണം സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടന അനുവാദം നല്‍കുന്നില്ല എന്നതാണ്. ഭരണഘടന മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് എതിരാണിത്. ഭരണഘടനക്കും മുകളില്‍ നിലപാടെടുക്കുവാന്‍ സര്‍ക്കാരിന് അധികാരമില്ല.

മുന്നോക്കക്കാര്‍ എപ്പോഴെങ്കിലും തൊട്ടുകൂടായ്മയോ അടിച്ചമർത്തലോ വിവേചനങ്ങളോ അനുഭവിച്ചിട്ടുണ്ടോ..? പോലീസിന്റെ അന്യായ മർദനങ്ങള്‍ക്ക് ഇരകളായിട്ടുണ്ടോ..? വ്യാജ ഏറ്റുമുട്ടലുകള്‍ നേരിട്ടിട്ടുണ്ടോ..? 

നാലാമതായി, നീതി പുലര്‍ത്താനാണ് സംവരണം നടപ്പിലാക്കുന്നത്. സര്‍ക്കാരിനോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്, മുന്നോക്കക്കാര്‍ എപ്പോഴെങ്കിലും തൊട്ടുകൂടായ്മയോ അടിച്ചമർത്തലോ വിവേചനങ്ങളോ അനുഭവിച്ചിട്ടുണ്ടോ..? പോലീസിന്റെ അന്യായ മർദനങ്ങള്‍ക്ക് ഇരകളായിട്ടുണ്ടോ..? വ്യാജ ഏറ്റുമുട്ടലുകള്‍ നേരിട്ടിട്ടുണ്ടോ..? പഠനം ഇടക്ക് വെച്ച് നിറുത്തേണ്ടി വരികയോ, ബിരുദധാരികളുടെ എണ്ണത്തിൽ പിന്നാക്കം പോവുകയോ ചെയ്തിട്ടുണ്ടോ..? നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം കാണാനാവുക ദലിതരിലും എസ്.സി.എസ്.ടി വിഭാഗത്തിലും മുസ്‍ലിംകളിലുമാണ്.

അഞ്ചാമത്തേത്, മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്ന വ്യക്തമായ വിവരങ്ങളില്ല എന്നതാണ്. സച്ചാർ - മിശ്ര കമ്മീഷനുകൾ, കുണ്ടു കമ്മിറ്റി, 2011 സെന്‍സസ്, മുസ്‍ലിംകളിലെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്കൂളുകളിലെ മുസ്‍ലിം അനുപാതം, മുസ്‍ലിംകളില്‍ പഠനം ഇടക്ക് വെച്ച് ഉപേക്ഷിക്കുന്നവരുടെ കണക്ക് തുടങ്ങി നിരവധി സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ട്. ഇതുപോലെ, സവര്‍ണരിലെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കാണിക്കൂ. എവിടെ തെളിവുകള്‍‍..?

‘സാമ്പത്തിക സംവരണം ഭരണഘടനയോടുള്ള വഞ്ചന’ അസദുദ്ദീന്‍ ഒവൈസിയുടെ ലോക്സഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഈ ബില്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അമിതഭാരമായി മാറും എന്നാണ് ആറാമതായി എനിക്ക് പറയാനുള്ളത്. മുസ്‍ലിംകള്‍ക്ക് 10%വും, എസ്‍.സി.എസ്.ടി വിഭാഗങ്ങള്‍ക്ക് 12%വും സംവരണം ആവശ്യപ്പെട്ടുകൊണ്ട് എന്റെ സംസ്ഥാനമായ തെലങ്കാന ഒരു നിയമം കൊണ്ടുവന്നിരുന്നു. അതെല്ലാം പ്രായോഗികമായ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു. എന്നിട്ടും ഈ സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായത്. സര്‍ക്കാരിനോട് എനിക്ക് ചോദിക്കാനുള്ളത്, എന്താകും ഇനി മാറാത്ത സംവരണം..? സാമ്പത്തികാടിസ്ഥാനത്തിലുള്ള ഈ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് സംവരണം അനുവദിക്കാനാവുമോ..? ഇത് ഭരണഘടനയോടുള്ള വഞ്ചനയാണ്.

മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്ന വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ ഇല്ല. സച്ചാർ - മിശ്ര കമ്മീഷനുകൾ പോലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്ന കൃത്യമായ വിവരങ്ങള്‍ കാണിക്കൂ..

ഏഴാമത്, ഭരണഘടനയുടെ 15, 16 ആർട്ടിക്കിളുകളിൽ സാമ്പത്തിക പിന്നാക്കാവസ്ഥ പരാമർശിക്കുന്നില്ല. 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന് നിങ്ങള്‍ പറയുന്നത് കാര്യമായിട്ടാണെങ്കില്‍, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. 1950ലെ ഓര്‍ഡര്‍ എന്തുചെയ്യും..? ഭരണഘടന അനുശാസിക്കുന്ന തുല്യാവകാശത്തിനു മേലുള്ള കടന്നുകയറ്റമല്ലേ ഇത്..? ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമല്ലേ..?

ഇതുകൊണ്ടെല്ലാമാണ് ഞാന്‍ പറയുന്നത്, ഈ ബില്‍ ഭരണഘടനയോടുള്ള വഞ്ചനയാണ്. ബാബ സാഹിബ് അംബോദ്കറിനെ അവഹേളിക്കുന്നതാണ്. ഇന്ന് നിങ്ങൾക്ക് ഇവിടെയിരുന്ന് ആനന്ദിക്കാം. പക്ഷേ, നിങ്ങളുടെ ഈ ബില്‍ കോടതിയില്‍ ഒരിക്കലും നിലനില്‍ക്കില്ല. ഇത് തകര്‍ന്ന് താഴെ വീഴും.