LiveTV

Live

National

പണിമുടക്ക് തുടരുന്നു; ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം, ബംഗാളില്‍ സംഘര്‍ഷം 

പശ്ചിമ ബംഗാളില്‍ ഇടത് സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷം ഉണ്ടായി. പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച് പാര്‍ലമെന്‍റില്‍ ഇടത് എം.പിമാര്‍ ധര്‍ണ നടത്തി.

പണിമുടക്ക് തുടരുന്നു; ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം, ബംഗാളില്‍ സംഘര്‍ഷം 

മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് പുരോഗമിക്കുന്നു. ഉത്തരേന്ത്യയില്‍ പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ്. പശ്ചിമ ബംഗാളില്‍ ഇടത് സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷം ഉണ്ടായി. പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച് പാര്‍ലമെന്‍റില്‍ ഇടത് എം.പിമാര്‍ ധര്‍ണ നടത്തി.

ഉത്തരേന്ത്യയില്‍ പണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. ഗതാഗതം മഹാരാഷ്ട്രയിലും ഡല്‍ഹി അടക്കമുള്ളിടങ്ങളിലെല്ലാം സാധാരണ നിലയിലാണ്. പണിമുടക്കില്‍ പങ്കെടുക്കുകയാണെങ്കില്‍ എസ്മ പ്രയോഗിക്കുമെന്നാണ് വൈദ്യുതി വകുപ്പ് ജീവനക്കാരോട് ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ മുന്നറിയിപ്പ്. കൊല്‍ക്കത്തയില്‍ സി.പി.എം തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ചില സി.പി.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹൌറയില്‍ ട്രെയിന്‍ തട‍ഞ്ഞും സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഒഡീഷയില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് സമരം ചെയ്തു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ഡല്‍ഹിയിലെ വ്യവസായിക മേഖലയായ പട്പര്‍ഗഞ്ചില്‍ പ്രകടനം നടത്തി. പൊതുപണിമുടക്കിന‌െ പിന്തുണച്ച് ഇടത് എം.പിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റില്‍ ധര്‍ണ നടത്തുകയുണ്ടായി. ബാങ്കിങ്, അധ്യാപക സംഘടനകള്‍ തുടങ്ങിയവരും രണ്ട് ദിവസമായി നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാളെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുക.