LiveTV

Live

National

അനുവദിച്ച പണം മുഴുവന്‍ തീര്‍ന്നു: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വന്‍ പ്രതിസന്ധിയില്‍

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി.  മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി പൊളിച്ചു എന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

അനുവദിച്ച പണം മുഴുവന്‍ തീര്‍ന്നു: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വന്‍ പ്രതിസന്ധിയില്‍

യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വന്‍ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം കൂടി ബാക്കിയിരിക്കെ പദ്ധതിക്ക് അനുവദിച്ച പണം മുഴുവന്‍ തീര്‍ന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് പോലും കാരണമായ പദ്ധതി മോദി സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന ആക്ഷേപം ശക്തമാണ്.

ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച തൊഴിലുറപ്പ് പദ്ധതി ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന വിവരം അസിം പ്രേംജി സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുറത്തുവന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അമ്പത്തൊമ്പതിനായിരം കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം കൂടി ശേഷിക്കെ 331 കോടിയേ ബാക്കിയുള്ളൂ. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു രൂപ പോലും ബാക്കിയില്ല.

രാജ്യത്തെ 3500 പഞ്ചായത്തുകളില്‍ പദ്ധതി എങ്ങനെ നടക്കുന്നു എന്ന് പഠിച്ച ഗവേഷക സംഘത്തിന് ലഭിച്ചത് നിരാശാജനകമായ കണക്കുകളാണ്. പദ്ധതിയില്‍ തൊഴിലിനായി അപേക്ഷിച്ചവരില്‍ മുപ്പത് ശതമാനം പേര്‍ക്കും ഒരു ദിവസം പോലും തൊഴില്‍ ലഭിച്ചില്ല.

രാജ്യം കടുത്ത മഴക്കെടുതിയും വരള്‍ച്ചയും നേരിട്ട വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായത് ഗ്രാമീണ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. യു.പി.എ സര്‍ക്കാരിന് തുടരാന്‍ അവസരമൊരുക്കിയത് പോലും ഈ പദ്ധതിയാണ്. മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി പൊളിച്ചു എന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.