LiveTV

Live

National

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

എന്നാല്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കാമെന്നല്ലാതെ അത് മോദി സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് പാസാക്കാനാകില്ല

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

മുന്നാക്ക സമുദായക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ബി.ജെ.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല രാഷ്ട്രീയ പ്രമുഖരും മുന്നോട്ട് വന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാരെ മുന്നില്‍ കണ്ടാണ് ബില്‍. ഇന്ത്യയില്‍ 30.84 ശതമാനം മുന്നോക്ക വിഭാഗക്കാരാണുള്ളത്. ഇവര്‍ക്ക് സാമ്പത്തിക സംവരണം ലഭിക്കണമെങ്കില്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നു. അതില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

  • ഇപ്പോള്‍ സംവരണാനുകൂല്യമില്ലാത്തവര്‍ ആയിരിക്കണം.
  • അഞ്ച് ഏക്കറിലേറെ ഭൂമി ഉണ്ടാവരുത്.
  • വീടിന്‍റെ വിസ്തീര്‍ണ്ണം 1000 ചതുരശ്ര അടിയില്‍ താഴെയായിരിക്കണം.
  • വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെയാവണം.
  • വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ടിന്‍റെ വിസ്തീര്‍ണ്ണം 900 ച.അടിയില്‍ താഴെ(നഗരസഭ പരിധി); മറ്റ് പ്രദേശത്ത് 1800 ച.അടിയില്‍ താഴെ

നിലവില്‍ പട്ടികജാതി - പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇത് 2019 ഇലക്ഷന്‍ മുന്നില്‍ കണ്ട് കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന വോട്ട്ബാങ്ക് പ്രചരണത്തിന്‍റെ ഭാഗമാണോ എന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വെല്ലുവിളി.

മോദി സര്‍ക്കാരും മുന്നാക്ക സമുദായക്കാരും

രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.പി സിങ് എടുത്ത തീരുമാനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നാക്ക സംവരണ കാര്‍ഡ് ഇറക്കുന്നത്. ഇതിന് ഒരൊറ്റ ലക്ഷ്യം വളരെ വ്യക്തമാണ്. ഉത്തരേന്ത്യയില്‍ മുന്നാക്ക സമുദായക്കാര്‍ക്കിയടയില്‍ വളര്‍ന്ന് വരുന്ന അതൃപ്തി പരിഹരിക്കുകയും സമാജ്‍വാദി - ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടികളെ നേരിടുകയും ചെയ്യുക.

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ സംവരണം നല്‍കണമെന്ന എന്‍.എസ്.എസ് അടക്കമുള്ള മേല്‍ജാതി സംഘടനകളുടെയും ആര്‍.എസ്.എസിന്‍റെയും ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് മോദി ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ ക്ഷീണവും യു.പിയിലെ മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവുമാണ് ഇതിന് കാരണമെന്ന് പറയാനാകും.

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

ഇത് മോദിയുടെ ഒരു ഇരട്ടത്താപ്പ് തന്നെയാണ്. കാരണം, പിന്നാക്ക സംവരണം നിര്‍ത്തലാക്കാന്‍ ആര്‍.എസ്.എസിന് പദ്ധതിയുണ്ടെന്ന ദലിത് - ഒ.ബി.സി വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു. 2015ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ സംവരണ വിരുദ്ധ പ്രസ്താവനയാണ് ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വിക്കും ജെ.ഡി.യു - ആര്‍.ജെ.ഡി - കോണ്‍ഗ്രസ് വിശാല സഖ്യത്തിന്‍റെ വിജയത്തിനും കാരണമായത്. എന്നാല്‍ പിന്നാക്ക സംവരണത്തില്‍ മാറ്റം വരുത്താതെ ചെയ്യുന്ന ഈ ഭേദഗതി അവര്‍ക്കിടയിലുള്ള ബി.ജെ.പിയുടെ വിശ്വാസ്യത ഉയര്‍ത്താനും ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ എസ്.സി - എസ്.ടി, ഒ.ബി.സി വോട്ടര്‍മാര്‍ അകന്ന് പോവുന്നത് തടയാനുമുള്ള വലിയ ശ്രമമാണ് മോദി നടത്തുന്നത്.

എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബില്ലിനോടുള്ള സമീപനം സര്‍ക്കാരിനെ സന്തോഷിപ്പിക്കണമെന്നില്ല. മുന്നാക്ക പ്രീണനം ദലിതുകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ബി.ജെ.പിയില്‍ നിന്ന് കൂടുതല്‍ അകറ്റിയെന്ന് വരും. പല കാരണങ്ങളാല്‍ ഈ വിഭാഗങ്ങള്‍ ബി.ജെ.പിയില്‍ നിന്ന് അകന്നിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വന്ന വിള്ളല്‍ മാറ്റാനുള്ള ശ്രമം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയ യുവജനം, അഭിലാഷങ്ങള്‍ മങ്ങി നിരാശയിലാണ്. വാഗ്ദാനങ്ങള്‍ക്കപ്പുറം, തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. അവര്‍ക്കിടയില്‍ 10 ശതമാനം സംവരണമെന്ന മോഹം വളര്‍ത്തുകയാണ് ബി.ജെ.പി.

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

എന്നാല്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കാമെന്നല്ലാതെ അത് കാലാവധി തീരും മുമ്പ് മോദി സര്‍ക്കാരിന് പാസാക്കാനാകില്ല. സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഇനി വരുന്ന സര്‍ക്കാരിനും പല കടമ്പകള്‍ കടക്കേണ്ടതുണ്ട്. ബില്‍ അവതരിപ്പിച്ചാല്‍ അത് സഭസമിതിയുടെ പഠനത്തിന് പോകും. ശീതകാല സമ്മേളനത്തിന്‍റെ അവസാന ദിവസം അവതരിപ്പിക്കുന്ന ബില്‍ സര്‍ക്കാരിന്‍റെ ഈ ഉടനടി നീക്കങ്ങള്‍ കൊണ്ട് ഫെബ്രുവരിയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പഠനശേഷം ലോക്സഭക്ക് ചര്‍ച്ചക്ക് എടുക്കാന്‍ കഴിഞ്ഞേക്കും. കേവല ഭുരിപക്ഷത്തിന്‍റെ ബലത്തില്‍ ലോക്സഭയില്‍ പാസാക്കാനും സാധിച്ചെന്ന് വരും. തുടര്‍ന്നങ്ങോട്ട് പല വിധ കടമ്പകളാണ്.

നിലവിലെ സംവരണങ്ങളില്‍ തൊടാത്തത് കൊണ്ട് മറ്റ് രാഷ്ട്രീയ - സാമൂഹിക പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ലെങ്കിലും രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ല. മുത്തലാഖ് ബില്‍ രണ്ട് തവണ കൊണ്ട് വന്നെങ്കിലും രാജ്യസഭ കടത്തിവിടാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എന്നാല്‍, സാമ്പത്തിക സംവരണ ബില്ലിന്‍റെ കാര്യത്തില്‍ സമയപരിമിതിയും സര്‍ക്കാരിന് വിലങ്ങ് തടിയാവും. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കി പിരിയുന്ന ബജറ്റ് സമ്മേളനം ഏതാനും ദിവസത്തേക്ക് മാത്രമായിരിക്കും.

ഭരണഘടന ഭേദഗതി നിശ്ചിത അനുപാതത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കണമെന്നുണ്ട്. പാര്‍ലമെന്‍റിന്‍റെ ഇരു സഭയും പിന്നിടാതെ ഈ നടപടിയിലേക്ക് കടക്കാന്‍ പറ്റില്ല. എല്ലാ കടമ്പകളും കടന്ന് രാഷ്ട്രപതി ഒപ്പ് വക്കുന്നതോടെയാണ് ബില്‍ നിയമമാവുന്നത്. ഈ ബില്‍ സുപ്രിം കോടതിയിലും ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ വ്യക്തമാണ്. സുപ്രിം കോടതിയുടെ പരിശോധന തീരാനും സമയമെടുക്കും.

മുന്നാക്ക സംവരണം; ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുബാങ്കോ?

ക്വാട്ടക്കുള്ളില്‍ ക്വാട്ട നല്‍കാനുള്ള മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ നിയമനിര്‍മ്മാണം സുപ്രിം കോടതി മുമ്പ് റദ്ദാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ ക്വാട്ടയാകട്ടെ, ജനറല്‍ ക്വാട്ടക്കുള്ളില്‍ കൊണ്ട് വരുന്ന 10 ശതമാനം ക്വാട്ടയാണ്.