LiveTV

Live

National

ക്ഷേത്രത്തിലെ സത്ക്കാരത്തില്‍ ഭക്ഷണത്തിനൊപ്പം മദ്യവും വിളമ്പി ബി.ജെ.പി എം.എല്‍.എ

ശ്രാവണ ദേവി ക്ഷേത്രത്തില്‍ വച്ച് നടത്തിയ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷണത്തിനൊപ്പം മദ്യക്കുപ്പികളും ബി.ജെ.പി എം.എല്‍.എ വിതരണം ചെയ്തത്. 

ക്ഷേത്രത്തിലെ സത്ക്കാരത്തില്‍ ഭക്ഷണത്തിനൊപ്പം മദ്യവും വിളമ്പി ബി.ജെ.പി എം.എല്‍.എ

ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ നിതിന്‍ അഗര്‍വാള്‍ സംഘടിപ്പിച്ച സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിക്കൊപ്പം മദ്യവും. ഹര്‍ദോയിയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വച്ച് നടത്തിയ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷണത്തിനൊപ്പം മദ്യക്കുപ്പികളും ബി.ജെ.പി എം.എല്‍.എ വിതരണം ചെയ്തത്. പൂരിക്കും സബ്ജിക്കുമൊപ്പമായിരുന്നു മദ്യക്കുപ്പികളും നിതിന്‍ അഗര്‍വാള്‍ വിളമ്പിയത്. അടുത്തിടെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളും(നിതിന്‍ അഗര്‍വാളിന്റെ പിതാവ്) പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സംഭവം ദൌര്‍ഭാഗ്യകരമാണെന്ന് ഹര്‍ദോയിയിലെ ബി.ജെ.പി എം.പി അന്‍ഷുല്‍ വര്‍മ പ്രതികരിച്ചു. ക്ഷേത്രത്തില്‍ വെച്ച് നടത്തിയ സത്കാരത്തില്‍ മദ്യം വിളമ്പിയത് തെറ്റാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. ബി.ജെ.പി നേതൃത്വത്തെയും കാര്യം ധരിപ്പിക്കുമെന്നും അന്‍ഷുല്‍ വ്യക്തമാക്കി. ''ഞങ്ങളുടെ ആരാധനാലയത്തില്‍ വെച്ചാണ് ഈ സത്കാരം നടത്തിയത്. ഭക്ഷണത്തിനൊപ്പം മദ്യവും വിളമ്പിയത് ദൌര്‍ഭാഗ്യകരമായി പോയി. ഞങ്ങള്‍ പേനയും പേപ്പറും വിതരണം ചെയ്ത ചെറിയ കുട്ടികള്‍ക്ക് വരെ മദ്യം വിളമ്പിയത് പൊറുക്കാന്‍ കഴിയില്ല. ഇത് ഞാന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. ഇത്രയും കൂടിയ അളവില്‍ മദ്യം വിളമ്പിയത് ശ്രദ്ധയില്‍പ്പെടാതെ പോയത് എക്സൈസ് വകുപ്പിന്റെ വീഴ്ചയാണ്.'' - അന്‍ഷുല്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും ഭക്ഷണപ്പൊതി കൈപ്പറ്റണമെന്ന് നിതിന്‍ അഗര്‍വാള്‍ മൈക്കിലൂടെ വിളിച്ചുപറയുന്നതിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. ഇതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിതിനും നരേഷും തയാറായിട്ടില്ല.