LiveTV

Live

National

ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്; ഐ.എം.എഫിലെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധ

ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. 

ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്; ഐ.എം.എഫിലെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധ

മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഐ.എം.എഫ് തലപ്പത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ഗീത, അന്താരാഷ്ട്ര നാണ്യ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് സ്ഥാനമേറ്റിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഗീത.

ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസറായിരുന്നു ഗീത. ഡിസംബറില്‍ വിരമിച്ച മൗറി ഒബ്സ്റ്റഫെല്‍ഡിനു പകരക്കാരിയായാണ് ഗീത സ്ഥാനമേറ്റിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്.

ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്; ഐ.എം.എഫിലെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധ

ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം.എയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ഗീത നേടി. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു വുഡ്രോ വില്‍സന്‍ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

മുന്‍ ഐ.എ.എസ് ഓഫീസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തിക നയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.