LiveTV

Live

National

ഇതുവരെ കാണാത്ത പോരാട്ടവും കാത്ത് ഡല്‍ഹി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്

ഇതുവരെ കാണാത്ത പോരാട്ടവും കാത്ത് ഡല്‍ഹി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. 2014ല്‍ ആകെയുള്ള ഏഴ് സീറ്റും കൈപ്പിടിയിലൊതുക്കിയ ബി.ജെ.പിയാണ് ഇത്തവണ വലിയ വെല്ലുവിളി നേരിടുന്നത്. ഡല്‍ഹി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ആം ആദ്മി പാര്‍ട്ടിക്ക് മികച്ച സാധ്യതയുണ്ട്. ഇന്ദ്രപ്രസ്ഥം കൈവിട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടത് കോണ്‍ഗ്രസിനും അനിവാര്യമാണ്.

ഡല്‍ഹി ഭരിക്കുന്ന എഎപിക്ക് ഭരണവിരുദ്ധവികാരം ഇല്ലെന്ന് തെളിയിക്കണം. കേന്ദ്ര സര്‍ക്കാരിന്റെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെയും എതിര്‍പ്പ് മറികടന്ന് കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്ക് ബോധിച്ചെന്ന് ഉറപ്പാക്കണം. കേന്ദ്രവുമായും ഉദ്യോഗസ്ഥരുമായും നിലനിന്ന നിരന്തര കലഹത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്ന് രാജ്യത്തോടറിയിക്കണം. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും പിളര്‍പ്പുകളും സംഘടനാ ശക്തിയെ ബാധിച്ചില്ല എന്നുറപ്പിക്കണം. ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ വെല്ലുവിളികള്‍ പലതാണ്. അരവിന്ദ് കെജ്രിവാള്‍ എന്ന ഒറ്റയാന്‍ തന്നെയാണ് ഇപ്പോഴും ആപ്പിനെ മുന്നില്‍ നിന്നും നയിക്കുന്നത്.

പാര്‍ട്ടിയില്‍ അധികാര വടംവലി രൂക്ഷമാണെങ്കിലും ഇക്കുറി തലസ്ഥാനം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. നഷ്ടപ്പെട്ട അധികാരവും സ്വാധീനവും തിരിച്ചു പിടിക്കാനൊരുങ്ങിയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വരെ ഉണ്ടായ പരാജയത്തിന്റെ കറ മായ്ക്കണം. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ എത്രത്തോളം ഒപ്പം നില്‍ക്കുമെന്നറിയേണ്ടതുണ്ട്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും എ.എ.പിയും ഒന്നിക്കുമോ എന്നും ചോദ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഏഴില്‍ ഏഴ് ലോക്സഭാ സീറ്റുകളും ഭദ്രമാണെന്ന് ബി.ജെ.പിക്കും തെളിയിക്കണം. മോദിതരംഗത്തിന്റെ പ്രഭാവം മങ്ങിയെങ്കിലും സീറ്റുകള്‍ക്ക് നഷ്ടമാകില്ലെന്ന് കാണിക്കണം. 2019 ല്‍ വീണ്ടും അധികാരം പിടിച്ചാല്‍‍ തലസ്ഥാനം കൈവിട്ട മുന്നണിയാണന്ന നാണക്കേട് ഉണ്ടാകാതെ നോക്കണം. അങ്ങനെ മൂന്ന് പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ് ഡല്‍ഹി. ഡല്‍ഹി ഇതുവരെ കാണാത്ത പോരാട്ടമാണ് കാണാനിരിക്കുന്നത്.