LiveTV

Live

National

എന്നും പണക്കൊഴുപ്പ് മത്സരിക്കുന്ന ബെല്ലാരി

1952 മുതല്‍ ബെല്ലാരി കോണ്‍ഗ്രസിന്റെ കോട്ടയാണ്. 1999ല് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബി.ജെ.പി നേതാവ് സുഷമ സ്വരാജും ബെല്ലാരിയില്‍ ഏറ്റുമുട്ടി. അന്ന് വിജയം സോണിയക്കൊപ്പം നിന്നു.

എന്നും പണക്കൊഴുപ്പ് മത്സരിക്കുന്ന ബെല്ലാരി

ഖനി മുതലാളിമാരുടെ കേന്ദ്രമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ പണക്കൊഴുപ്പാണ് എന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കോണ്‍ഗ്രസ് അടക്കിവാണ ബെല്ലാരി പിന്നീട് റെഡ്ഡി സഹോദരന്‍മാരുടെ കോടികളുടെ ബലത്തില്‍ ബി.ജെ.പി കൈവശപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നു.

1952 മുതല്‍ ബെല്ലാരി കോണ്‍ഗ്രസിന്റെ കോട്ടയാണ്. 1999ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബി.ജെ.പി നേതാവ് സുഷമ സ്വരാജും ബെല്ലാരിയില്‍ ഏറ്റുമുട്ടി. അന്ന് വിജയം സോണിയക്കൊപ്പം നിന്നു. 99 ലെ തെരഞ്ഞെടുപ്പില്‍ ഖനിമുതലാളിമാരായ റെഡ്ഡി സഹോദരന്‍മാര്‍ ബി.ജെ.പിക്ക് വേണ്ടി കോടികള്‍ ഇറക്കി രംഗത്തുവന്നു. ഇതോടെ റെഡ്ഡി സഹോദരന്‍മാര്‍ ബി.ജെ.പിക്ക് വേണ്ടപ്പെട്ടവരായി.

ബെല്ലാരി സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന ജനാര്‍ദ്ദന റെഡ്ഢി, കരുണാകര റെഡ്ഢി, സോമശേഖര റെഡ്ഢി എന്നിവരെ രാഷ്ട്രീയത്തിലെത്തിച്ചത് ശ്രീരാമലു എന്ന ബി.ജെ.പി നേതാവാണ്. 2004ല്‍ ജി കരുണാകര റെഡ്ഢി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് മണ്ഡലം പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് ബി.ജെ.പിയുടെ കൈകളിലായിരുന്നു ബെല്ലാരി.

പട്ടികജാതി സംവരണം വന്നപ്പോള്‍ ശ്രീരാമുലുവിന് നറുക്ക് വീണു. 2014ല്‍ അഞ്ച് ലക്ഷത്തിലധികം വോട്ട് നേടി ശ്രീരാമുലു വിജയിച്ചു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കാനുള്ള ശ്രീരാമുലുവിന്റെ തീരുമാനത്തിന് പിന്നില്‍ ബെല്ലാരിയെക്കുറിച്ചുള്ള ആത്മവിശ്വാസമായിരുന്നു. ആ തീരുമാനം പക്ഷേ പാളി.

ഉപതെരഞ്ഞെടുപ്പിലെ അഭിമാന പോരാട്ടത്തില്‍ സഹോദരിയായ ജെ. ശാന്തയെയാണ് ശ്രീരാമുലു രംഗത്തിറക്കിയത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സ്ഥാനാര്‍ഥി വി.എസ് ഉഗ്രപ്പ വിജയിച്ചു. അങ്ങിനെ 15 വര്‍ഷത്തിന് ശേഷം ബെല്ലാരി മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.