LiveTV

Live

National

ബാബരി കേസ്: സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കും

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ച മുതല്‍ ബെഞ്ച് വാദം കേള്‍ക്കും.

ബാബരി കേസ്: സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കും

ബാബരി ഭൂമി തര്‍ക്ക കേസ് ഭരണഘട ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസില്‍ മറ്റന്നാള്‍ മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ മറ്റന്നാള്‍ കോടതി വ്യക്തത വരുത്തിയേക്കും.

ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് ഭരണഘടനാ ബെഞ്ച് കേൾക്കണമെന്ന് മുമ്പ് പലതവണ ഹർജിക്കാർ ആവശ്യപ്പെട്ടിട്ടും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ ഭരണഘടനാ വിഷയങ്ങൾ ഇല്ലെന്നും ഭൂമിതർക്കമായാണ് കേസിനെ കാണുന്നത് എന്നുമാണ് നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് കേസില്‍ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. വേഗത്തില്‍ തുടര്‍ച്ചയായി വാദം പൂര്‍ത്തിയാക്കി തീര്‍പ്പ് പറയണമെന്നാണ് കേസില്‍ കക്ഷികളായ കേന്ദ്ര സര്‍ക്കാരിന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും വാദം. ഇക്കാര്യത്തില്‍ ഭരണഘടന ബഞ്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യാഴായ്ച വ്യക്തമായേക്കും.

ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിക്ക് മേലാണ് തര്‍ക്കം. ഈ ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് ഭരണഘടന ബഞ്ചിന് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡേ, എൻ.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.