LiveTV

Live

National

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അലോക് വര്‍മ്മ കേസിലെ വിധി

ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന പ്രതിപക്ഷ വിമര്‍ശം ശരി വക്കുന്നതാണ് അലോക് വര്‍മ്മ കേസിലെ സുപ്രീം കോടതി വിധി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അലോക് വര്‍മ്മ കേസിലെ  വിധി

ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന പ്രതിപക്ഷ വിമര്‍ശം ശരി വക്കുന്നതാണ് അലോക് വര്‍മ്മ കേസിലെ സുപ്രീം കോടതി വിധി. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിനെ വിധി കൂടുതല്‍ പ്രതിരോധത്തിലാക്കും. അതേസമയം, അലോക് വര്‍മ്മക്ക് സുപ്രീം കോടതി പൂര്‍ണ അധികാരം നല്‍കാത്തതും അദ്ദേഹത്തിനെതിരായ അന്വേഷണം തുടരാന്‍ അനുവദിച്ചതും സര്‍ക്കാരിന് ആശ്വാസ പിടിവള്ളിയായി.

സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്രത്തെ കടന്നാക്രമിച്ച് രംഗത്തെത്തി പ്രതിപക്ഷം. എത്ര വലിയെ സ്വേച്ഛാധിപതിയെയും ഒരു നാള്‍ നിയമം പിടികൂടും. കോടതിയാല്‍ ഉത്തരവ് തിരുത്തപ്പെട്ട ആദ്യത്തെ പ്രധാന മന്ത്രിയാണ് മോദി എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍‌ദീപ് സുര്‍ജെ വാലെ ട്വിറ്ററില്‍ കുറിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് കൈകടത്തുന്ന സര്‍ക്കാരിന് ഒരു പാഠമാണ് വിധിയെന്ന് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗമായ മല്ലികാര്‍ജുന്‍ ഗാഡ്കെയും വ്യക്തമാക്കി.

പ്രധാനമന്ത്രിയെ നേരിട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് സുപ്രീം കോടതി വിധി എന്ന് എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി. കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയുടെ കാര്യത്തില്‍ തുടര്‍‌ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പെട്ട ഉന്നതാധികാര സമിതി ഉടന്‍‌ യോഗം ചേരുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.

ഈ മാസം 31 വരെയാണ് അലോക് വര്‍മ്മക്ക് സി.ബി.ഐ തലപ്പത്തുള്ള സേവന കാലാവധി. അതിനുള്ളില്‍ അലോക് വര്‍മ്മക്കെതിരായ അഴിമതി അരോപണങ്ങള്‍ അന്വേഷിച്ച് തെളിയിക്കാനായിരിക്കും ഇനി സര്‍ക്കാര്‍ ശ്രമം.