LiveTV

Live

National

റഫാലിലും തെരഞ്ഞെടുപ്പ് തോല്‍വിയിലും പ്രതിരോധത്തിലായിരിക്കെ മോദി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനം

സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്വാഭാവികമായും ശക്തമായേക്കാവുന്ന പിന്നാക്ക-ദലിത്-മുസ്‍ലിം സമൂഹങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ എങ്ങനെ സമീപിക്കും എന്നതും ഏറെ നിര്‍ണായകമാണ്.

റഫാലിലും തെരഞ്ഞെടുപ്പ് തോല്‍വിയിലും  പ്രതിരോധത്തിലായിരിക്കെ മോദി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനം

റഫാല്‍ അടക്കമുള്ള അഴിമതി ആരോപണത്തിലും തെരഞ്ഞെടുപ്പ് തോല്‍വിയിലും രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കെയാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനം. വിശാല പ്രതിപക്ഷ ഐക്യ നിരക്കൊപ്പമുള്ള പാര്‍ട്ടികളെ കൂടി രാഷ്ട്രീയമായി ആശയ കുഴപ്പത്തിലാക്കാന്‍ ഇതോടെ ബി.ജെ.പിക്കായി.

സാമ്പത്തിക സംവരണമെന്ന പ്രഖ്യാപിത നയം യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ബി.ജെ.പി ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഉത്തരേന്ത്യയിലെ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ബ്രാഹ്മിണ്‍, രജ്പുത് അടക്കമുള്ള സവര്‍ണ ജാതി വിഭാഗങ്ങളുടെ വോട്ട് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നത് തടയാനാകും. എന്നാല്‍ പ്രതിപക്ഷത്തുള്ളവരുടെ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തീരുമാനത്തെ തീര്‍ത്തും തള്ളാനൊ കൊള്ളാനോ കഴിയാത്ത സ്ഥിതിയില്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബി.ജെ പി.നടത്തുന്നത് എന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു, പക്ഷേ സാമ്പത്തിക സംവരണ ആശയത്തെ പാര്‍ട്ടി തള്ളുന്നില്ല.

സി.പി.ഐ.എമ്മും, എസ്.പിയും ആര്‍.ജെ.ഡിയും തൃണമൂലും ഡി.എം.കെയും എ.ഐ.ഡി.എം.കെയുമൊക്കെ പല ഘട്ടങ്ങളില്‍ സാമ്പത്തിക സംവരണത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. അതിനാല്‍ ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വക്കുന്ന ബില്ലിന്‍റെ രാഷ്ട്രീയ ഉദ്ദേശം മനസ്സിലായാലും എതിര്‍ത്ത് വോട്ട് ചെയ്യുക എന്നത് പ്രയാസകരമാണ്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്വാഭാവികമായും ശക്തമായേക്കാവുന്ന പിന്നാക്ക-ദലിത്-മുസ്‍ലിം സമൂഹങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ എങ്ങനെ സമീപിക്കും എന്നതും ഏറെ നിര്‍ണായകമാണ്.