യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം
കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്. 23 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി.
അഭിനയിക്കാന്‍ അവസരം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം. കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്. 23 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുംബൈയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ 2011ലാണ് യുവതി കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥിനെ പരിചയപ്പെട്ടത്. അഭിനയിക്കാനും മോഡലിങിലും താല്പര്യമുണ്ടായിരുന്ന യുവതിക്ക് ഇയാള്‍ ടെലിവിഷന്‍ സീരിയലില്‍ അവസരം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതി ഒരു ഓഡിഷനില്‍ പങ്കെടുത്തു. പിന്നാലെ 2012 ഫെബ്രുവരിയില്‍ ഒരു ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. അന്നെടുത്ത ചിത്രങ്ങള്‍ കാണിച്ച് ബ്ലാക് മെയില്‍ ചെയ്തു. വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി.

രവീന്ദ്രനാഥ് വിടാതെ പിന്തുടര്ന്നപ്പോള് യുവതി ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്ത് ജോലിയില്‍ പ്രവേശിച്ചു. അവിടെയും എത്തിയ ഇയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവതി പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കും നഗ്നചിത്രങ്ങള്‍ അയച്ചു. തുടര്‍ന്ന് യുവതി നല്കിയ പരാതിയില്‍ 2013 ഡിസംബറില്‍ രവീന്ദ്രനാഥിനെ അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ചും ഇയാള്‍ ഭീഷണിക്കത്തുകള്‍ അയച്ചിരുന്നതായി യുവതി പറഞ്ഞു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.