LiveTV

Live

National

‘പൊലീസ് വകുപ്പിന് സ്വന്തം ജീവനക്കാരെ പോലും സംരക്ഷിക്കാനാവുന്നില്ല’ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലെ സുരക്ഷ ജോലിക്ക് ശേഷം മടങ്ങവേ ഇന്നലെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു മകന്റെ പ്രതികരണം.

‘പൊലീസ് വകുപ്പിന് സ്വന്തം ജീവനക്കാരെ പോലും സംരക്ഷിക്കാനാവുന്നില്ല’ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍

സ്വന്തം ജീവനക്കാര്‍ക്ക് പോലും സംരക്ഷണം നല്‍കാനാവാത്ത വകുപ്പായി പൊലീസ് മാറിയിരിക്കുകയാണെന്ന് യു.പിയില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്റെ മകന്‍ വി.പി. സിങ്. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് വാട്സ് കൊല്ലപ്പെട്ടത്.

'പൊലീസ് വകുപ്പിന് സ്വന്തം ജീവനക്കാരെ പോലും സംരക്ഷിക്കാനാവുന്നില്ല. ഇനിയും പൊലീസില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്..? നഷ്ടപരിഹാര തുക കൊണ്ട് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്..? അച്ഛന് പകരം പണം ലഭിച്ചിട്ട് എന്തുകാര്യം..?' അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു മകന്റെ പ്രതികരണം. സുരേഷ് വാട്സിന്റെ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുമായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലെ സുരക്ഷ ജോലിക്ക് ശേഷം മടങ്ങവേ ഇന്നലെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. നിഷാദ് വിഭാഗക്കാർ സംവരണത്തിന് വേണ്ടി നടത്തുന്ന സമരത്തിൽ ദേശീയ പാത തടസപ്പെട്ടതിനെ തുടർന്ന് സ്ഥിതി ഗതികൾ പൊലീസ് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. കല്ലേറിൽ കോൺസ്റ്റബിളായ സുരേഷ് വാട്സിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ആക്രമണത്തിൽ മറ്റു രണ്ട് പേർക്ക് കൂടി പരിക്കേറ്റു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഉത്തർപ്രദേശിൽ ആൾക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുന്നത്. ഡിസംബർ ആദ്യം ബുലന്ദ് ശഹറിൽ ആൾക്കൂട്ടം സുബോധ് കുമാർ എന്ന പൊലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രധാന പ്രതിയായ ബംജ്‍റംഗ്‍ദള്‍ നേതാവിനെ പൊലീസ് ഇനിയും പിടികൂടിയിട്ടില്ല.