LiveTV

Live

National

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. തര്‍ക്കം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

മുത്തലാഖ് ബില്ലിനെ ചൊല്ലിയുള്ള ബഹളത്തില്‍ രാജ്യസഭ സ്തംഭിച്ചു. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്ന പുരുഷന് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ഒരു നിലക്കും പാസാക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. ഗുലാം നബി ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഭ തുടങ്ങും മുന്‍പ് തന്നെ വിഷയത്തില്‍ പ്രതിപക്ഷ ഐക്യം ഉറപ്പാക്കി. സഭ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. 15 മിനിറ്റ് നിര്‍ത്തിവെച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നു.

തര്‍ക്കം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. നാളെ അവധിയായതിനാല്‍ ബുധനാഴ്ചയാകും ഇനി സഭ ചേരുക. 24 മണിക്കൂര്‍ മുന്‍പ് നോട്ടീസ് നല്‍കിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് പ്രമേയം അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ തള്ളിയത്. ബില്ലിനെതിരെ തൃണമൂല്‍, ടി.ആര്‍.എസ് ഉള്‍പ്പെടെ കക്ഷികളെ ഒപ്പം നിര്‍ത്താനായതാണ് കോണ്‍ഗ്രസിന്റെ നേട്ടം.