LiveTV

Live

National

ബാബരി ഭൂമി തര്‍ക്കകേസ് ജനുവരി 4ന് പരിഗണിക്കും

ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്നുമുതല്‍ വാദം കേള്‍ക്കണമെന്നും നാലിന് തീരുമാനിച്ചേക്കും. 

ബാബരി ഭൂമി തര്‍ക്കകേസ് ജനുവരി 4ന് പരിഗണിക്കും

ബാബരി ഭൂമി തര്‍ക്കകേസ് സുപ്രിം കോടതി ജനുവരി നാലിന് പരിഗണിക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്നുമുതല്‍ വാദം കേള്‍ക്കണമെന്നും നാലിന് തീരുമാനിച്ചേക്കും. കേസില്‍ തുടര്‍ച്ചയായി വാദം കേട്ട് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമായ നേരത്താണ് സുപ്രീംകോടതി ബാബരി-രാംജന്മഭൂമി തര്‍ക്കകേസ് പരിഗണിക്കുന്നത്. ജനുവരി നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനാ ബഞ്ച് കേസ് പരിഗണിക്കും. നേരത്തെ കേസില്‍ വാദം കേട്ട ബഞ്ചിലെ അംഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ആരെ ഉള്‍പ്പെടുത്തണം. ബെഞ്ച് പൂര്‍ണമായും പുനഃസംഘടിപ്പിക്കേണ്ടതുണ്ടോ ? എന്നുമുതല്‍ അന്തിമ വാദം കേട്ട് തുടങ്ങണം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രിം കോടതി നാലാം തിയതി തീരുമാനം കൈകൊണ്ടേക്കും. തുടര്‍ച്ചയായി വാദം കേട്ട് കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം സമ്മര്‍ദ്ധം തുടരുകയാണ്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ല വിരാജ് മന്നിനും നിര്‍മോഹി അഖാഡക്കും വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രിം കോടതിയിലുള്ളത്. പുറമെ ഈ കേസ് തീര്‍പ്പുണ്ടാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരായ പൊതുതാല്‍പര്യ ഹരജികളുമുണ്ട് .