എം.പിമാരുടെയും എം.എല്‍.എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍: ഗഡ്കരി
നന്നായി സംസാരിച്ചത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല, ആത്മവിശ്വാസമാകാം പക്ഷേ താന്‍ പോരിമ പാടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കായുളള ഒരു പ്രഭാഷണ പരിപാടിയില്‍ ഗഡ്കരി പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബി.ജെ.പി നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എം.പിമാരുടെയും എം.എല്‍.എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനാണെന്ന് ഇന്റിലിജന്‍സ് ബ്യൂറോയുടെ പരിപാടിയില്‍ ഗഡ്കരി പറഞ്ഞു. നടപ്പാക്കാനാകാത്ത വാഗ്ദാനം നല്‍കിയെന്നും തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്നുമുള്ള ഗഡ്കരിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റടുക്കും. നന്നായി സംസാരിച്ചത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല. നിങ്ങള്‍ എല്ലാത്തിലും വിദ്വാനായിരിക്കാം. പക്ഷേ വോട്ട് ലഭിച്ചുകൊള്ളണെന്നില്ല. ആത്മവിശ്വാസമാകാം പക്ഷേ താന്‍ പോരിമ പാടില്ലെന്നും തിങ്കളാഴ്ച രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കായുളള ഒരു പ്രഭാഷണ പരിപാടിയില്‍ ഗഡ്കരി പറഞ്ഞു.

നരേന്ദ്ര മോദിയെന്നോ അമിത്ഷായെന്നോ പരാമര്‍ശിച്ചില്ലെങ്കിലും അവരെ നേരിട്ട് വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ചടങ്ങില്‍ ഗഡ്കരിയുടെ പ്രസംഗം എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഗഡ്കരിയോ ബി.ജെ.പിയോ വിശദീകരണത്തിനോ പ്രതികരണത്തിനോ ഇതുവരെ തയ്യാറായിട്ടില്ല.