LiveTV

Live

National

യു.പി.എ ഭരണ കാലത്ത് ആയിരക്കണക്കിന് ടെലിഫോണ്‍ കോളുകളും ഇ-മെയിലുകളും നിരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖ

യു.പി.എ ഭരണ കാലത്ത് ആയിരക്കണക്കിന് ടെലിഫോണ്‍ കോളുകളും ഇ-മെയിലുകളും നിരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖ

യു.പി.എ ഭരണ കാലത്ത് ആയിരക്കണക്കിന് ടെലിഫോണ്‍ കോളുകളും ഇ-മെയിലുകളും നിരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖ. കമ്പ്യൂട്ടറുകള്‍ നിരീക്ഷണ വലയത്തിലാക്കുന്ന പുതിയ ഉത്തരവിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ കാപട്യത്തിന്റെ തെളിവാണിതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

2013ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആര്‍.ടി.ഐ മറുപടിയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിമാസം ശരാശരി 7500 മുതല്‍ 9000 വരെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. മുന്നൂറ് മുതല്‍ 500 വരെ ഇ മെയിലുകളും നിരീക്ഷിച്ചിരുന്നു. ടെലിഗ്രാഫ് നിയമപ്രകാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് നിരീക്ഷണം നടത്തിയത്. നിരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുള്ള 10 ഏജന്‍സികളുടെ പട്ടികയും മറുപടിയിലുണ്ട്. സുരക്ഷ പരിഗണിച്ച് മറ്റ് വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി കിട്ടിയിട്ടുള്ള അതേ ഏജന്‍സികള്‍ തന്നെയാണ് ഇവയും. ആര്‍.ടി.ഐ മറുപടിയിലെ വിവരങ്ങള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് ബി.ജെ.പി. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൊലീസ് സ്റ്റേറ്റാക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ആക്ഷേപം. കോണ്‍ഗ്രസിന്റെ കാപട്യത്തിന് തെളിവാണ് ആര്‍.ടി.ഐ മറുപടിയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു. അതേസമയം, യു.പി.എ കാലത്തെ ഉത്തരവ് നിരുപാധിക അനുമതിയല്ലെന്നും ഓരോ കേസും പരിശോധിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ നിരീക്ഷണം നടത്തിയിട്ടൂളളൂവെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.