LiveTV

Live

National

ഡല്‍ഹിയില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 6,000 മുതല്‍ 75,000 രൂപ വരെ

സ്വകാര്യ കാറുകളുടേയും എസ്‌.യു.വികളുടേയും പാര്‍ക്കിംഗ് നിരക്ക് 6,000 നും 75,000 ഇടയില്‍ വര്‍ധിക്കും. 4, 000 രൂപയില്‍നിന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 6,000 മുതല്‍ 75,000 രൂപ വരെ

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇനി കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ കീശ കീറും. ഡല്‍ഹിയില്‍ കാറുകളുടെ ഒറ്റത്തവണ പാര്‍ക്കിംഗിനുള്ള ഫീസ് 18 മടങ്ങായി വര്‍ധിപ്പിച്ചു. ഇതോടെ കാര്‍ ഒറ്റത്തവണ പാര്‍ക്ക് ചെയ്യണമെങ്കില്‍ ആറായിരം മുതല്‍ 75,000 രൂപ വരെ മുടക്കേണ്ടിവരും. പാര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള ഡല്‍ഹി നഗരത്തിലെ മൂന്നു കോര്‍പ്പറേഷനുകളുടെ ശിപാര്‍ശ ഡല്‍ഹി ഗതാഗതമന്ത്രാലയം അംഗീകരിച്ചതോടെ അടുത്ത വര്‍ഷം മുതല്‍ പാര്‍ക്കിംഗിനു കൂടിയ നിരക്ക് നല്‍കേണ്ടിവരും. സ്വകാര്യ കാറുകളുടേയും എസ്‌.യു.വികളുടേയും പാര്‍ക്കിംഗ് നിരക്ക് 6,000 നും 75,000 ഇടയില്‍ വര്‍ധിക്കും. 4, 000 രൂപയില്‍നിന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ഗതാഗത കമ്മീഷന്‍ വര്‍ഷാ ജോഷി അറിയിച്ചു. ഗതാഗത കമ്മീഷന്‍ പദവിയില്‍നിന്നും വിരമിക്കുന്ന ദിവസമാണ് വര്‍ഷാ ജോഷി പ്രധാന തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ പാര്‍ക്കിംഗ് ഫീസ് ഉയര്‍ത്തിയെന്ന വിവരം അറിഞ്ഞിട്ടില്ലെന്നായിരുന്നു ഗതാഗത മന്ത്രി കൈലാഷ് ഗലോട്ടിന്റെ പ്രതികരണം. താന്‍ അത്തരമൊരു തീരുമാനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വാഹനത്തിരക്ക് കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിക്കുന്നത്. വീടിന് മുന്നില്‍ വഴിവക്കിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്‍കേണ്ടിവരും. പകല്‍സമയത്തും വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിലുമാണ് കൂടിയ ഫീസ് ഈടാക്കുക.