‘നിങ്ങൾക്ക് ആധി കൊല്ലപ്പെട്ട ആ രണ്ട് മനുഷ്യരിൽ മാത്രമാണ്, 21 പശുക്കളുടെ കാര്യത്തിലല്ല’; ബുലന്ദ്ശഹർ കൊലപാതകത്തെ ന്യായീകരിച്ച് ബി.ജെ.പി എം.എൽ.എ
യോഗി സർക്കാറിന്റെ രാജി ആവശ്യവുമായി 83 മുൻ ബ്യൂറോക്രാറ്റുകൾ രംഗത്തു വന്ന പശ്ചാതലത്തിലാണ് സഞ്ചയ് ശർമ്മയുടെ പ്രതികരണം

ബുലന്ദ്ശഹർ കൊലപാതകവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രോഷമുയരുന്നതിനിടെ, സർക്കാറിന്റെ പ്രതിരോധ ചുമതല ഏറ്റെടുത്ത് ബി.ജെ.പി എം.എൽ.എ രംഗത്ത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുമീതിന്റെയും പൊലീസ് ഓഫീസറുടെയും കാര്യം മാത്രമേ എല്ലാവരും ചർച്ച ചെയ്യുന്നുള്ളു എന്നും, ജീവൻ നഷ്ടപ്പെട്ട 21 പശുക്കളുടെ കാര്യത്തിൽ ആർക്കും ഒന്നും പറയാനില്ലെന്നുമാണ് യു.പിയിലെ അനുപ്ശഹറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സഞ്ചയ് ശർമ്മയുടെ വാദം. പ്രശ്നത്തിൽ യു.പി സർക്കാറിന്റെ മുൻഗണനയെ ചൊല്ലിയുള്ള വിമർശനത്തിന് ശക്തി കൂട്ടുന്നതാണ് എം.എൽ.എയുടെ പ്രതികരണം.

പ്രദേശത്ത് പശുക്കളെ കൂട്ടമായി കൊന്നൊടുക്കിയവരും ഒരു പോലെ കുറ്റക്കാരാണ്. എന്നാൽ രണ്ടു പേരുടെ മരണം മാത്രമാണ് എല്ലാവരും ഉയർത്തി പിടിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ
ഗോമാതയെ കൊന്നൊടുക്കിയതിലുള്ള പ്രതികരണമാണ് എല്ലാ പ്രശ്നത്തിന്റെയും തുടക്കം. ഈ വികാരം ആരും മനസ്സിലാക്കുന്നില്ലെന്നും സഞ്ചയ് ശർമ്മ പറഞ്ഞു. ബുലന്ദ്ശഹർ കൊലപാതകത്തെ നിരുത്തരവാദപരമായി കെെകാര്യം ചെയ്യുന്ന യോഗി സർക്കാറിന്റെ രാജി ആവശ്യവുമായി 83 മുൻ ബ്യൂറോക്രാറ്റുകൾ രംഗത്തു വന്ന പശ്ചാതലത്തിലാണ് സഞ്ചയ് ശർമ്മയുടെ പ്രതികരണം.

ഡിസംബർ മൂന്നിനാണ് ഒരു മുസ്ലിം പരിപാടി നടക്കുന്ന വേദിക്കരികെ കാലികളുടെ ജഡം കണ്ടെത്തിയെന്ന പേരിൽ ആക്രമണം ഉടലെടുത്തത്. സംഘർഷത്തിൽ അഖ്ലാക്ക് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് സുബോധ്കുമാർ സിംഗ് ഉൾപ്പടെ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കൊലപാതകികളേക്കാൾ, കാലികളെ കശാപ്പ് ചെയ്തവരെ കണ്ടെത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

തൊട്ടടുത്ത ദിവസം തന്നെ, പശുവിനെ കശാപ്പു ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യു.പി ഇൻസ്പെക്ടർ ജനറൽ രാം കുമാറിന്റെ പ്രസ്താവനയും പ്രശ്നത്തിൽ സർക്കാറിന്റെ താൽപര്യമെന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു. എന്നാൽ പ്രശ്നം നല്ല രീതിയിൽ കെെകാര്യം ചെയ്തതിൽ തന്റെ സർക്കാർ വിജയിച്ചുവെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.