LiveTV

Live

National

പശ്ചിമ ബംഗാളില്‍ അമിത് ഷാ നയിക്കുന്ന രഥയാത്രക്ക് അനുമതിയില്ല

നേരത്തെ ബംഗാള്‍ സര്‍ക്കാരും യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു

പശ്ചിമ ബംഗാളില്‍ അമിത് ഷാ നയിക്കുന്ന രഥയാത്രക്ക് അനുമതിയില്ല

പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്രക്ക് അനുമതിയില്ല. അനുമതി നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍‌ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നേരത്തെ ബംഗാള്‍ സര്‍ക്കാരും യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു.

ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മൂന്ന് ദിവസങ്ങളിലായി നടക്കാനിരുന്ന രഥയാത്രക്കാണ് അനുമതി നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ശേഷം സിങ്കിള്‍ ബെഞ്ചിലേക്ക് കേസ് തിരിച്ച് വിടുകയായിരുന്നു.

സംസ്ഥാനത്തെ 294 നിയമ സഭമണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന ഈ യാത്രകള്‍ സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് മമത സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് കൂടി മുഖവിലക്കെടുത്താണ് ചീഫ്ജസറ്റിസ് ദേബഷിശ് കര്‍ഗുപ്ത അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് യാത്രക്കുളള അനുമതി റദ്ദാക്കിയത്. ഇന്നലെ യാത്രക്ക് അനുമതി നല്‍കി വിധി പറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ചിലേക്ക് തന്നെ ഡിവിഷന്‍ ബഞ്ച് കേസ് കൈമാറുകയും ചെയ്തു. സംഘര്‍ഷ സാധ്യത സംബന്ധിച്ച റിപ്പോര്‍ട് കൂടി പരിശോധിച്ച് കേസ് വീണ്ടും പരിഗണിക്കാനാണ് നിർദ്ദേശം. ആദ്യ രഥയാത്ര നാളെ ആരംഭിക്കാനിരിക്കെ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ബി.ജെ.പിക്ക് തിരിച്ചടിയായി. പ്രധാന മന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിവര്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു.