LiveTV

Live

National

നോട്ട് നിരോധനം മൂലം ആളുകള്‍ മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ 

രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് നോട്ട് നിരോധനം കാരണം നാലുപേര്‍ മരിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ കുറ്റസമ്മതം.

നോട്ട് നിരോധനം മൂലം ആളുകള്‍ മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ 

നോട്ട് നിരോധനം മൂലം ആളുകള്‍ മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് നോട്ട് നിരോധനം കാരണം നാലുപേര്‍ മരിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതം. നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതം പഠിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി സഭയെ അറിയിച്ചു. സി.പി.എം എംപി എളമരം കരീമിന്റെ ചോദ്യത്തിന് മറുപടിയായാണ് നോട്ട് നിരോധനത്തിലെ മരണക്കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. എസ്ബിഐയുടെ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവുമാണ് നോട്ടുനിരോധനം ഏല്‍പിച്ച ആഘാതം മൂലം മരിച്ചത്.

ഉപഭോക്താവിന് 3 ലക്ഷം രൂപയും മൂന്ന് ജീവനക്കാര്‍ക്കായി 41 ലക്ഷവും നഷ്ടപരിഹാരം നല്‍കി. മറ്റ് പൊതുമേഖലാ ബാങ്കുകളൊന്നും മരിച്ചവരുടെ കണക്കുകള്‍ കൈമാറിയില്ല. ഇതാദ്യമായാണ് നോട്ടുനിരോധം ജനങ്ങളുടെ ജീവനെടുത്തതായി കേന്ദ്രം സമ്മതിക്കുന്നത്. 150ലേറെപ്പേര്‍ നോട്ടുനിരോധം മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പെട്ടെന്നുണ്ടായ ഞെട്ടലിലും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ കാത്തുനിന്ന് കുഴഞ്ഞുവീണും അത്യാവശ്യങ്ങള്‍ക്ക് പോലും പണമെടുക്കാന്‍ കഴിയാതെ ആത്മഹത്യചെയ്തുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചത്.

നോട്ടുനിരോധനം, കാര്‍ഷിക- വ്യവസായ മേഖലകളില്‍ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്നും ധനമന്ത്രി വെളിപ്പെടുത്തുന്നു. നോട്ടുനിരോധനം മൂലം റിസര്‍വ് ബാങ്കിനുണ്ടായ അധിക സാമ്പത്തിക ബാധ്യതയും മറുപടിയിലുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ച 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കറന്‍സി അച്ചടിക്കാന്‍ മാത്രം ചെലവായത് 7965 കോടി രൂപ. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 4544 കോടി രൂപ കൂടുതല്‍. 17-18 സാമ്പത്തിക വര്‍ഷത്തിലും 4912 കോടി രൂപ കറന്‍സി അച്ചടിക്കാന്‍ ചെലവായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.