ബുലന്ദ്ശഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഇഴയുന്നു
പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബം ആരോപിച്ചു.

രണ്ടാഴ്ച പിന്നിടുമ്പോഴും ബുലന്ദ്ശഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഇഴയുന്നു. പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബം ആരോപിച്ചു. അതേസമയം ഗോവധ കേസില്‍ മൂന്ന് പേരെയും ആള്‍ക്കൂട്ട ആക്രമണ കേസില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ് ശഹറില്‍ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ വധിച്ച കേസില്‍ ബി.ജെ.പി യുവമോര്‍ച്ച നേതാവ് ഷിഖാര്‍ അഗര്‍വാള്‍, യോഗേഷ് രാജ് എന്നിവരാണ് ഡിസംബര്‍ മൂന്നു മുതല്‍ ഒളിവില്‍ കഴിയുന്നത്.
ഇതിനിടെ ഷിഖാര്‍ അഗര്‍വാള്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയും യോഗേഷ് രാജ് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. സൈനികനായ ജിതേന്ദ്ര മാലിക്കിനെ മാത്രമാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊലീസ് കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബം ആരോപിച്ചു. സത്യം പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പൊലീസ് വാദം.
എന്നാല്‍ ഗോവധകേസില് ദ്രുതഗതിയിലാണ് അന്വേഷണം നീങ്ങുന്നത്. തോക്ക് ഉപയോഗിച്ച് പശുക്കളെ കൊലപ്പെടുത്തി മാംസം വിതരണം ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതേകേസില്‍ നേരത്തെ അറസ്റ്റിലായ നാല് പേര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആള്‍ക്കൂട്ട ആക്രമണ കേസില്‍ സച്ചിന് സിങ്, ജോണി ചൗധരി എന്നിവരെയും അറസ്റ്റ് ചെയ്തു.