LiveTV

Live

National

സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് 101 ദിവസങ്ങള്‍; നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്വേതാ ഭട്ട്  

സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് 101 ദിവസങ്ങള്‍; നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്വേതാ ഭട്ട്  

മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് ഇന്നേക്ക് 101 ദിവസങ്ങള്‍. 22 വര്‍ഷം മുന്‍പുള്ള കേസിന്റെ പേരിലാണ് പൊലീസ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാറാണ് സഞ്ജീവ് ഭട്ടിനെ അഴിക്കുള്ളിലാക്കിയത്.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതോടെ ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കല്‍ സെഷൻസ് കോടതിയിൽ 90 ദിവസം നീണ്ടുനിന്നിരുന്നു. അതിന് ശേഷമാണ് ജാമ്യം തള്ളി കളഞ്ഞുള്ള ഉത്തരവ് ലഭിക്കുന്നത്. സഞ്ജീവ് ഭട്ടിന് നീതി വൈകുന്നത് സംബന്ധിച്ച് ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്. നീതി ലഭിക്കുമെന്നും കുടുംബത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്വേതാ സഞ്ജീവ് ഭട്ട് പറയുന്നു.

ശ്വേതാ സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്തതിന്റെ 101ാം ദിവസമാണ്. ഞാനിത്രയും ദിവസം കാത്തുനിന്നു എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ. പോസിറ്റീവായ, സന്തോഷമുള്ള ഒന്നാകണം ഈ പോസ്റ്റ് എന്ന് കരുതുന്നു. എന്നാൽ അതല്ല ഇപ്പോഴത്തെ അവസ്ഥ. വിസ്താരം കഴിഞ്ഞ് സുപ്രീം കോടതി സ്റ്റേ ചെയ്ത, 22 വർഷം പഴക്കമുള്ള ഒരു കേസിൽ സഞ്ജീവിനെ കൊണ്ടുപോയ ശേഷം 90 ദിവസങ്ങളെടുത്താണ് ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കല്‍ തന്നെ സെഷൻ കോർട്ടിൽ നടത്തിയത്. കോടതി ഞങ്ങളുടെ ജാമ്യാപേക്ഷ തള്ളിക്കളയുകയും ചെയ്തു. ഞാനെല്ലായ്പ്പോഴും ഇന്ത്യൻ ജുഡീഷ്യറിയിൽ വിശ്വസിച്ചു, ഇനിയും വിശ്വസിക്കാനാണ് താൽപര്യം. പക്ഷേ പലപ്പോഴും അതെന്നെ നിരാശപ്പെടുത്തുന്നു.
ഞങ്ങളിപ്പോൾ ഹെെക്കോടതിയെ സമീപിച്ചിട്ടുണ്ട്, സഞ്ജീവിന്റെ ജാമ്യത്തിന് വേണ്ടി. ഇതുവരെയും ഹിയറിങ് തീയതി തീരുമാനിച്ചിട്ടില്ല. പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഇവിടെ നീതി പുലരുമെന്ന്. സഞ്ജീവ് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവരും എന്ന്.
ദെെവം അനുഗ്രഹിക്കട്ടെ’.