LiveTV

Live

National

പുതിയ തട്ടകങ്ങള്‍‌‌ തേടി മോദിയുടെ ദക്ഷിണേന്ത്യന്‍ യാത്ര

പരമ്പരാഗത തട്ടകങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിയാന്‍ തുടങ്ങിയതോടെ പുതിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പര്യടനത്തിന് തുടക്കം കുറിക്കുന്നു.

പുതിയ തട്ടകങ്ങള്‍‌‌ തേടി മോദിയുടെ ദക്ഷിണേന്ത്യന്‍ യാത്ര

പരമ്പരാഗത തട്ടകങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിയാന്‍ തുടങ്ങിയതോടെ പുതിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പര്യടനത്തിന് തുടക്കം കുറിക്കുന്നു. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനുവരിയോടെ 20ലേറെ റാലികളാണ് ബി.ജെ.പി നേതൃത്വം മോദിക്കായി പദ്ധതിയിടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി ഫലം വിലയിരുത്താനായി ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ് പുതിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ ബി.ജെ.പി തട്ടകങ്ങളില്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുന്നതാണ് കഴിഞ്ഞ ഏതാനും അസംബ്ലി തെരഞ്ഞെടുപ്പുകളിലെ കാഴ്ച. ഈ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷമാണ് 2014ല്‍ ബി.ജെ.പി നേടിയതെന്നിരിക്കെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയെങ്കിലേ ഇത്തവണ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവൂ. 122 പുതിയ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 റാലികളെങ്കിലും നടത്താനാണ് തീരുമാനം. ‌

ഓരോ റാലിയും ചുരുങ്ങിയത് അഞ്ച് അസംബ്ലി സീറ്റുകളെയെങ്കിലും ലക്ഷ്യം വെക്കും. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങളില്‍ ജനുവരി അവസാനത്തോടെ ഈ റാലികള്‍ പൂര്‍ത്തിയാക്കും. കര്‍ഷകരെ മാത്രം അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശില്‍ പ്രത്യേക റാലി നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

നോട്ട് നിരോധവും ജി.എസ്.ടിയും തൊഴിലില്ലായ്മയും റാഫേല്‍ അഴിമതിയുമൊക്കെ പ്രചാരണ വിഷയമായപ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി അയോധ്യയും പാകിസ്ഥാനും മറ്റു വൈകാരിക വിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ നരേന്ദ്രമോദി വോട്ടര്‍മാരെ എങ്ങനെ കയ്യിലെടുക്കുമെന്നേ ഇനി അറിയാനുള്ളൂ.