LiveTV

Live

National

ബഹുസ്വരതയുടെ എഴുത്ത്

ജ്ഞാനപീഠത്തിന്റെ 52 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ജ്ഞാനപീഠം കിട്ടുന്നത്. അമിതാവ് ഘോഷിന്റെ ‘അവീന്‍ പൂക്കളുടെ കടല്‍’ എന്ന പുസ്തകത്തിന്റെ പരിഭാഷകന്‍ കൂടിയാണ് ലേഖകന്‍

ബഹുസ്വരതയുടെ എഴുത്ത്

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യം ഒരു ചെറിയ ശാഖയല്ല. ടാഗോറില്‍ തൊട്ടു തുടങ്ങിയാല്‍ തന്നെ ഒരുപിടി മികച്ച എഴുത്തുകാരുണ്ട് നമുക്ക്. എന്നിട്ടും 53-ാം ജ്ഞാനപീഠം അമിതാവ് ഘോഷിന് കിട്ടും വരെ സാഹിത്യത്തിന് നല്‍കുന്ന രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയുടെ 52 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ജ്ഞാനപീഠം കിട്ടിയിരുന്നില്ല. ആര്‍.കെ നാരായണ്‍ മുതല്‍ അരുന്ധതി റോയി വരെയുള്ള ഒരു വലിയ നിരയില്‍ നിന്ന് ഒരാള്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു.

അമിതാവ് ഘോഷ് ഒരു നോവലിസ്റ്റാണോയെന്ന് സംശയിക്കുന്നവരാണ് ഏറെയും. എഴുത്തുകളില്‍ ചരിത്രമുണ്ട്, നരവംശശാസ്ത്രമുണ്ട്, രാഷ്ട്രീയമുണ്ട്, സാമൂഹ്യശാസ്ത്രവുമുണ്ട്. പറയാനുള്ള ചരിത്രം പറയാന്‍ കഥ പറയുന്ന, എഴുതാനുള്ള പ്രബന്ധങ്ങള്‍ക്ക് നോവലിന്റെ ഛായ നല്‍കുന്ന സാഹിത്യകാരന്‍. അമിതാവ് ഘോഷിന്റെ ഓരോ നോവലും ഓരോ പ്രബന്ധങ്ങളാണ്. വേണമെങ്കില്‍ വാക്യങ്ങള്‍ക്ക് മേല്‍ അക്കമിട്ട് സൂചനകള്‍ നിരത്താവുന്ന എഴുത്ത്.

ബഹുസ്വരതയുടെ എഴുത്ത്

അമിതാവ് ഘോഷിന്റെ ഒരു നോവല്‍ ആദ്യമായി മലയാളത്തിലേക്ക് വരുന്നത് സീ ഓഫ് പോപ്പീസാണ്. തൊട്ടുപിന്നാലെ കല്‍ക്കത്ത ക്രോമോസോമും റിവര്‍ ഓഫ് സ്‌മോക്കും മലയാളത്തിലെത്തി. 1995 ല്‍ കല്‍ക്കത്ത ക്രോമോസോം ഇറങ്ങിയപ്പോള്‍ അതു വായിച്ച മലയാളികളില്‍ ഏറെയും അതിന്റെ പരിഭാഷ തേടിപ്പോയിട്ടുള്ളതായി കേട്ടിട്ടുണ്ട്. പിന്നെയും രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് കല്‍ക്കത്ത ക്രോമോസോം മലയാളത്തിലെത്തിയത്. എന്തുകൊണ്ടാണ് അമിതാവ് ഘോഷ് വിവര്‍ത്തനം ചെയ്യപ്പെടാത്തത്? ഒന്നുകില്‍ വായനക്കാര്‍ ഇല്ലാതിരിക്കണം അല്ലെങ്കില്‍ പരിഭാഷ ദുഷ്‌കരമാകണം. അമിതാവ് ഘോഷിന്റെ കാര്യത്തില്‍ രണ്ടാമത്തേതാണ് കാരണമെന്ന് നേരിട്ടറിയാവുന്നതു കൊണ്ടാണ് ഈ കുറിപ്പ്.

രണ്ടു വര്‍ഷത്തിലേറെയെടുത്താണ് ഐബിസ് ട്രിലജി എന്ന മൂന്നു നോവല്‍ത്തുടര്‍ച്ചകളുടെ ആദ്യഭാഗമായ സീ ഓഫ് പോപ്പീസ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. അമിതാവ് ഘോഷ് എന്ന എഴുത്തുകാരന്റെ ബഹുസ്വരത സീ ഓഫ് പോപ്പീസിന്റെ ഓരോ തുള്ളിയിലും ഉപ്പു പോലെ ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സീ ഓഫ് പോപ്പീസ് മലയാളത്തിലാക്കുമ്പോള്‍ ഈ ഉപ്പ് കാച്ചിയെടുക്കേണ്ടിയിരുന്നു. ഐബിസ് ട്രിലജി എഴുതാന്‍ അമിതാവ് ഘോഷ് ഏതൊക്കെ വഴിയിലൂടെ യാത്ര ചെയ്‌തോ ആ വഴിയിലൂടെയൊക്കെ ഒരു പുനര്‍യാനം നടത്തേണ്ടിയിരുന്നു.

ബഹുസ്വരതയുടെ എഴുത്ത്

സീ ഓഫ് പോപ്പീസ് വിവര്‍ത്തനം ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ഭാഷയായിരുന്നു. ഇന്ന് പ്രയോഗത്തില്‍ തന്നെയില്ലാത്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ പദാവലികളും ഇന്ത്യന്‍ വാക്കുകളുടെ ഇംഗ്ലീഷ്, അമേരിക്കന്‍ ചുവയുള്ള രൂപഭേദങ്ങളും കടല്‍മാര്‍ഗമുള്ള കച്ചവടത്തിനൊപ്പം കടല്‍ കടന്നെത്തിയ വാക്കുകളും ഒക്കെയുണ്ട് സീ ഓഫ് പോപ്പീസിലും. അര്‍ത്ഥം അസ്തമിച്ചു പോയ ഒരു വലിയ പദസഞ്ചയം. അവയെയൊക്കെ പരിചയപ്പെടുത്തിക്കൊണ്ട് സ്വന്തം വെബ്‌സൈറ്റില്‍ ഒരു പദാവലി തന്നെ ഉണ്ടാക്കി അമിതാവ് ഘോഷ്. ഐബിസ് ക്രെസ്‌റ്റോമതി. അത് മാത്രം വായിച്ചാല്‍ മതി, എത്രത്തോളം ഗവേഷണം ആ നോവലിന് വേണ്ടി എഴുത്തുകാരന്‍ ചെയ്തിട്ടുണ്ടെന്നറിയാന്‍.

ഇന്ന് പ്രയോഗത്തില്‍ തന്നെയില്ലാത്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ പദാവലികളും ഇന്ത്യന്‍ വാക്കുകളുടെ ഇംഗ്ലീഷ്, അമേരിക്കന്‍ ചുവയുള്ള രൂപഭേദങ്ങളും കടല്‍മാര്‍ഗമുള്ള കച്ചവടത്തിനൊപ്പം കടല്‍ കടന്നെത്തിയ വാക്കുകളും ഒക്കെയുണ്ട് സീ ഓഫ് പോപ്പീസിലും

ഷാഡോ ലൈന്‍സ് ഒഴികെയുള്ള നോവലുകള്‍ക്ക് ഒരു പാന്‍ ഇന്ത്യന്‍- പാന്‍ പസഫിക് സ്വഭാവം കൂടി കൊടുത്തിട്ടുണ്ട് അമിതാവ് ഘോഷും. പ്രദേശമെന്നതും അമിതാവ് ഘോഷിന്റെ ഇഷ്ടവിഷയമാണ്. കടലും സമതലങ്ങളും മഹാമേരുകളും ചേരുന്ന ഭൂവിതാനങ്ങള്‍ ഇന്ത്യയുടെ ഭൂപ്രകൃതിയിലെ വ്യതിയാനങ്ങളുടെ സൂചകങ്ങളാണ്. ഭാഷയില്‍ തുടങ്ങി മനുഷ്യ ശരീരങ്ങളില്‍ വരെ ഇന്ത്യയുടെ ബഹുസ്വരത അടയാളപ്പെടുത്തിയിട്ടുണ്ട് അമിതാവ് ഘോഷ്.

(അനൂപ് ചന്ദ്രന്‍- മീഡിയവണില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. സീ ഓഫ് പോപ്പീസ്, അവീൻ പൂക്കളുടെ കടൽ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.)