LiveTV

Live

National

ഛത്തീസ്ഗഢില്‍ ടി.എസ്. സിങ്ദോ മുഖ്യമന്ത്രിയായേക്കും

ഛത്തീസ്ഗഢില്‍ ടി.എസ്. സിങ്ദോ മുഖ്യമന്ത്രിയായേക്കും

ഛത്തീസ്ഗഢില്‍ ടി.എസ്. സിങ്ദോ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകള്‍. ദുര്‍ഗ് റൂരല്‍ സീറ്റില്‍ മല്‍സരിച്ച് വിജയിച്ച കോണ്‍ഗ്രസ് ലോക്സഭാംഗം താംരാദ്വാജ് സാഹു, കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ ഭൂപേഷ് ബകല്‍, മുതിര്‍ കോണ്‍ഗ്രസ് നേതാവ് ടി.എസ്. സിങ്ദോ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഏറ്റവും ഒടുവിലായി ടി.എസ്. സിങ്ദോയെ ഏകപക്ഷീയമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു എന്നാണ് പാര്‍ട്ടിയുടെ ഏറ്റവും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

15 വര്‍ഷത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള രമണ്‍ സിംഗ് സര്‍ക്കാറിനെ കടപ്പുഴക്കിയെറിഞ്ഞാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 90 അംഗ സഭയിലെ 68 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് 15 സീറ്റ് മാത്രമാണ് നേടാനായത്.

അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍കെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.എല്‍ പുനിയ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും.