LiveTV

Live

National

സഖ്യമില്ലാതെ മധ്യപ്രദേശില്‍ കരുത്ത് തെളിയിച്ച കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ മതേതര മുന്നണി രൂപീകരിക്കുന്നതില്‍ നേരിട്ട പരാജയം മായാവതിയുടെ ബി.എസ്.പിയെ രണ്ട് സീറ്റിലൊതുക്കിയപ്പോള്‍ സമാജ്‌വാദിയും കോണ്‍ഗ്രസും പ്രകടനം മെച്ചപ്പെടുത്തി. 

സഖ്യമില്ലാതെ മധ്യപ്രദേശില്‍ കരുത്ത് തെളിയിച്ച കോണ്‍ഗ്രസ്

ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ് മാതൃകയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ മധ്യപ്രദേശില്‍ 35 മുതല്‍ 46 സീറ്റുകള്‍ കൂടി മതേതരസഖ്യത്തിന് വിജയിക്കാമായിരുന്നുവെന്ന് കണക്കുകള്‍. ഗോണ്ട്‌വാന ഗണ തന്ത്ര് പാര്‍ട്ടിയുമായി നടന്ന സഖ്യ ശ്രമം വിജയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന് 10 സീറ്റുകള്‍ അധികം നേടാമായിരുന്നു. അതേസമയം സഖ്യമില്ലാതെ സ്വന്തം കരുത്ത് തെളിയിക്കാനാവുമെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തെ വലിയൊരളവോളം ശരി വയ്ക്കുന്നതായി മധ്യപ്രദേശിലെ പ്രകടനം.

മധ്യപ്രദേശില്‍ മതേതര മുന്നണി രൂപീകരിക്കുന്നതില്‍ നേരിട്ട പരാജയം മായാവതിയുടെ ബി.എസ്.പിയെ രണ്ട് സീറ്റിലൊതുക്കിയപ്പോള്‍ സമാജ്‌വാദിയും കോണ്‍ഗ്രസും പ്രകടനം മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ മായാവതിക്ക് സംസ്ഥാനത്ത് നാല് സീറ്റുകള്‍ ലഭിച്ചിരുന്നു. സഖ്യരൂപീകരണ ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 20 സീറ്റിലും ജയിക്കാമായിരുന്ന മായാവതി കോണ്‍ഗ്രസിനെ 36 സീറ്റുകളിലെങ്കിലും തോല്‍പ്പിച്ചുവെന്നാണ് ഒടുവിലത്തെ കണക്കുകള്‍. 50 സീറ്റുകള്‍ വിട്ടു കിട്ടണമെന്ന മായാവതിയുടെ കടുംപിടുത്തമാണ് സഖ്യശ്രമം പരാജയപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കുറ്റം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മായാവതി ചെയ്തത്.

സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ബി.എസ്.പിക്കുമെതിരെ ഒറ്റക്കു മല്‍സരിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ അഖിലേഷിന് ഇത്തവണ രണ്ട് സീറ്റുകള്‍ ലഭിച്ചു. ഗ്വാളിയോര്‍ റൂറല്‍, തിയോന്താര്‍, വിജയപൂര്‍, അമര്‍പട്ടന്‍, ജബല്‍പൂര്‍ നോര്‍ത്ത്, ബിന, രാംപൂര്‍ ബാഗേലന്‍, ചാന്ദ്‌ല, ദിയോ തലാബ്, കര്‍ഗാപൂര്‍, കോലാറസ്, മൗഗഞ്ച്, സിംഗ്‌റോലി തുടങ്ങിയ സീറ്റുകളില്‍ ബി.എസ്.പിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നിരുന്നുവെങ്കില്‍ വിജയം സുനിശ്ചിതമായിരുന്നു. സമാജ്‌വാദി പാര്‍ട്ടി കൂടി സഖ്യത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ രണ്ട് ഡസനോളം സീറ്റുകള്‍ വേറെയും ജയിക്കാമായിരുന്നു.

ദേവ്‌സര്‍, ദൗഹാനി, കിയോലാരി, മാണ്ട്‌ല, മൈഹാര്‍, ജാബേര, ജൈത്പൂര്‍, കാട്ടേഗാംവ് തുടങ്ങിയ ആദിവാസി സീറ്റുകളില്‍ ഗോണ്ട്‌വാനാ പാര്‍ട്ടി നേടിയ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ വിജയം തടഞ്ഞത്. ഒപ്പം നിന്ന് ജയിക്കാമായിരുന്ന സീറ്റുകള്‍ കൈവിട്ട് കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കരുത്ത് തെളിയിച്ചവരുടെ രാഷ്ട്രീയമാണ് മധ്യപ്രദേശില്‍ ബി.ജെ.പിയെ ഇത്തവണ രക്ഷപ്പെടുത്തിയത്.