മക്കളില്ലാത്ത മോദിക്ക് നഷ്ടപ്പെടലിന്റെ വേദന മനസ്സിലാവില്ല; ബുലന്ദ്ശഹര്‍ കലാപത്തെ കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്
“ബജ്റംഗദള്‍, ആര്.എസ്.എസ്, വി.എച്ച്.പി, തുടങ്ങിയ ഭീകര സംഘടനകള്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു”
ബുലന്ദ്ശഹര്‍ കലാപത്തിന്റെയും കൊലയുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇത്തരം അക്രമങ്ങളില്‍ മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന മോദിക്ക് മനസ്സിലാകില്ല. കാരണം അദ്ദേഹത്തിന് മക്കളില്ല. മോദി മന്ത്രിസഭയിലെ മിക്കവരും ഇങ്ങനെയുള്ളവരാണ്. അവര്‍ക്ക് മകനെയോ അച്ഛനെയോ സഹോദരനെയോ നഷ്ടമാകുമ്പോഴുള്ള വേദന മനസ്സിലാകില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യയില്‍ ഗോഹത്യ നിരോധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുന്നുവെന്ന് ചന്ദ്രശേഖര്‍ പരിഹാസരൂപത്തില്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഇപ്പോഴും ഗോഹത്യ അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബജ്റംഗദള്‍, ആര്.എസ്.എസ്, വി.എച്ച്.പി, തുടങ്ങിയ ഭീകര സംഘടനകള്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അംബേദ്കര്‍ 1956ല്‍ ഇത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചതാണ്. പിന്നീട് നിരോധനം പിന്‍വലിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

സംവരണത്തിനെതിരാണ് ബി.ജെ.പി നിലപാട്. ദലിതരെ അവര്‍ പൂര്‍ണമായി അവഗണിക്കുകയാണ്. ദലിതരുടെ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് പോലും സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. അതിനാല്‍ മുന്നോക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും ചന്ദ്രശഖര്‍ പറഞ്ഞു.