ബുലന്ദ്ശഹറില്‍ ഗോവധമെന്ന് ബജ്രംഗദളിന്റെ പരാതി: നാല് പേര് അറസ്റ്റില്‍
പ്രതികളായ പലരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന ബജ്രംഗദളിന്റെ പരാതിയില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതികളായ പലരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
ഗോവധം നടന്നെന്ന ബജ്രംഗദള് നേതാവ് യോഗേഷ് രാജിന്റെ പരാതിയിലും അവിടെ നടന്ന അക്രമങ്ങളിലും വെവ്വേറെ എഫ്.ഐ.ആര് ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഗോവധത്തിന്മേലുള്ള ആരോപണത്തില്‍ കുട്ടികള്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്തത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേസില്‍ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും മുസ്ലിംകളാണ്. സംഭവസ്ഥലത്ത് നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള നയാബാസ് എന്ന ഗ്രാമത്തിലുള്ളവരാണ് കേസില്‍ പ്രതിചേര്ക്കപ്പെട്ടിട്ടുള്ളവരെല്ലാം.
അക്രമങ്ങളിലും കൊലപാതകങ്ങളിലും നിലവില്‍ 9 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അക്രമങ്ങളിലെ പ്രധാന പ്രതിയായ യോഗേഷ് രാജിനെ ഇപ്പോഴും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ലയെന്നത് കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത നാല് പേരില്‍ രണ്ട് പേര് പ്രതിപ്പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്നില്ല.
അറസ്റ്റിലായതില്‍ സര്‍ഫുദ്ദീന്‍ അന്നേ ദിവസം മുസ്ലിം സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. മുസ്ലിം പള്ളിയിലെ മൈക്ക് കാണാതായ സംഭവത്തില്‍ സര്ഫുദ്ദീനും യോഗേഷ് രാജും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നതാണ് കേസില്‍ അറസ്റ്റിലാവാന് കാരണമെന്നും ആരോപണമുണ്ട്. സമാനമായ ആരോപണങ്ങളാണ് അറസ്റ്റിലായവരില്‍ പലരുടെയും കുടുംബം ഉന്നയിക്കുന്നത്. നേരത്തെ ഗോവധം നടക്കുന്നത് കണ്ടു എന്ന് പൊലീസിന് മൊഴി നല്കിയ യോഗേഷ് രാജ് പിന്നീട് ഒളിവിലിരിക്കേ പുറത്ത് വിട്ട വീഡിയോയില്‍ മൊഴി മാറ്റിയിരുന്നു.