LiveTV

Live

National

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

അപൂര്‍വം അവസരങ്ങളില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മുഖ്യമന്ത്രിമാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാറുണ്ട്. അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ ഉണ്ടായിരിക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

നിയമസഭയിൽ കേവല ഭൂരിപക്ഷമുണ്ടെങ്കിൽ മുഖ്യമന്ത്രിയായി അഞ്ചു വർഷം തുടരാമെന്നാണ് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മുഖ്യമന്ത്രിമാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാറുണ്ട്. അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ ഉണ്ടായിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും കൈവന്നപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി നാല് വർഷവും നാല് മാസവും കഴിഞ്ഞപ്പോള്‍‍ ഭരണം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് വിളിച്ചുവരുത്തുകയായിരുന്നു. ജനങ്ങൾക്കിടയിൽ തനിക്ക് എതിരഭിപ്രായം ഇല്ലാത്തതും പ്രതിപക്ഷ നേതൃനിരയിൽ തനിക്കൊത്ത എതിരാളികളില്ലായെന്ന തോന്നലും ഈ ആത്മവിശ്വാസത്തിന് ആക്കം കൂട്ടി.

കഴിഞ്ഞ നാലേകാൽ വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് വലിയ അതൃപ്തിയില്ല എന്ന വിലയിരുത്തലും, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയാൽ കേന്ദ്രത്തിനെതിരായ ഭരണവിരുദ്ധ വികാരം തനിക്കും എതിരാവും എന്ന വിലയിരുത്തലുമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് ചന്ദ്രശേഖര റാവുവിനെ പ്രേരിപ്പിച്ചത്.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

2014 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

 • ടി.ആര്‍.എസ്- 63
 • കോണ്‍ഗ്രസ്- 21
 • ടി.ഡി.പി- 15
 • എ.ഐ.എം.ഇ.ഐ.എം- 7
 • ബി.ജെ.പി- 5
 • വൈ.എസ്.ആര്‍ കോണ്‍ഗ്രസ്- 3
 • ബി.എസ്.പി- 2
 • സി.പി.ഐ- 1
 • സി.പി.എം- 1
 • സ്വതന്ത്രര്‍- 1

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളായിരുന്നു ടി.ആര്‍.എസ് നേടിയിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്, ടിഡിപി, വൈ.എസ്.ആര്‍.സി.പി, ബി.എസ്‍.പി എന്നീ പാര്‍ട്ടികളില്‍ നിന്നായി 19 അംഗങ്ങള്‍ കൂറുമാറി ടി.ആര്‍.എസില്‍ എത്തുകയായിരുന്നു. അതോടെ ടി.ആര്‍എസിന്റെ അംഗബലം 82 ആയി.

നിലവിലുള്ള കക്ഷിനില

 • ടി.ആര്‍. എസ്- 82
 • കോണ്‍ഗ്രസ്- 17
 • എ.ഐ.എം.ഐ.എം- 7
 • ബി.ജെ.പി- 5
 • ടി.ഡി.പി- 3
 • സി.പി.ഐ- 1
 • സി.പി.എം- 1
 • സ്വതന്ത്രന്‍- 1
 • നാമനിര്‍ദേശം- 1
 • (ഒഴിഞ്ഞുകിടക്കുന്നത്)- 2
വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

സർക്കാർ അവകാശവാദങ്ങൾ

സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളോടുള്ള ജനങ്ങളുടെ അനുകൂലവികാരം വോട്ടായി മാറുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി കെ.സി.ആറിനുള്ളത്. ഗ്രാമീണ മേഖലകളില്‍ വന്‍കിട ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചതും കർഷകർക്ക് വിത്തിറക്കാൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും കാർഷിക വിളകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതും കർഷകര്‍ക്കിടയില്‍ നല്ല സ്വീകാര്യത ഉണ്ടാക്കിയെന്നാണ് പൊതു വിലയിരുത്തല്‍.

വൻനിക്ഷേപകരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് 6,800 ഓളം വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍‍കാനായതും സംയോജിത ഗാര്‍ഹിക സര്‍വെ വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തിയതും സര്‍ക്കാരിന് അനുകൂലമായ ഘടകങ്ങളാണ്.

സംസ്ഥാന രൂപീകരണ വേളയിലുണ്ടായിരുന്ന 10 ജില്ലകളെ വിഭജിച്ച് 31 ജില്ലകളാക്കിയും അതുവഴി ഭരണസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതും വലിയ നേട്ടമായി.

ആരോഗ്യരംഗത്ത് നാളിതുവരെയുള്ള നേട്ടങ്ങളെയാകെ മറികടക്കാന്‍ കെ.സി ആര്‍ സര്‍ക്കാരിന് കഴിഞ്ഞു. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആരംഭിച്ചതോടെ തെലങ്കാനയിലെ ആരോഗ്യമേഖല ഒരു കുതിച്ചുചാട്ടത്തിലാണിന്ന്.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

ഭരണവിരുദ്ധ പ്രചാരണങ്ങള്‍

കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്‍ഷികോത്പന്നങ്ങള്‍ നേരിടുന്ന വിലയിടിവില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4,500 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

തൊഴിലില്ലായ്മ രാജ്യത്ത് ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമാണ് തെലങ്കാന. 20-24 വയസ്സ് വിഭാഗത്തില്‍ 39.07 ശതമാനവും 25-29 വിഭാഗത്തില്‍ 16.11 ശതമാനം ആളുകളും തൊഴിൽരഹിതരാണ്.

റോഡുകള്‍ക്കും ജലസേചന പദ്ധതികള്‍ക്കുമായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യാപക പരാതിയാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നുണ്ടായത്. ശക്തമായ പ്രാദേശിക എതിര്‍പ്പുകളാണ് ഇത് ക്ഷണിച്ചുവരുത്തിയത്. ഏക്കര്‍കണക്കിന് കൃഷിഭൂമി തുച്ഛവിലയ്ക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ് കര്‍ഷകര്‍ക്കുണ്ടായത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജാതീയ അധിക്ഷേപങ്ങളും ദലിത് ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും വലിയ മാറ്റമില്ലാതെ തുടരുന്നു.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

സഭ പിരിച്ചുവിട്ട ഉടനെ മഹാറാലി സംഘടിപ്പിച്ച് 105 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എതിരാളികളെ സമ്മർദ്ദത്തിലാക്കാനും പ്രചാരണത്തിൽ മുൻതൂക്കം നേടാനും ടി.ആർ.എസിനു കഴിഞ്ഞു. സ്ത്രീകൾക്ക് സാരിയും കർഷകർക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചുകൊണ്ട് രംഗം കൊഴുപ്പിക്കാനായിരുന്നു കെ.സി.ആറിന്റെ പദ്ധതി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ കണക്കുകൂട്ടലുകൾ കീഴ്‍മേൽ മറിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചിത്രം മാറി. ചന്ദ്രബാബു നായിഡു നേരിട്ട് കളത്തിലിറങ്ങി. കോൺഗ്രസിനെയും സി.പി.ഐയെയും ടി.ജെ.എസിനെയും ചേർത്ത് വിശാല സഖ്യം (മഹാ കുതാമി) രൂപീകരിച്ചു. തുടക്കത്തിൽ സീറ്റ് വിഭജനം കീറാമുട്ടിയായെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സഖ്യം ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് മുന്നേറിയത് കെ.സി.ആറിനെ അലട്ടുന്നു.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

2014 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 25.2 ശതമാനവും ടി.ഡി.പി ക്ക് 14.7 ശതമാനവും വോട്ട് ലഭിച്ചിരുന്നു. സഖ്യം വന്നതോടെ ടി.ആർ.എസിന് ലഭിച്ച 34.3 ശതമാനം എന്നത് മറികടക്കാമെന്നും സി.പി.ഐയും ടി.ജെ.എസും കൂടിച്ചേരുമ്പോൾ വോട്ടിങ്ങ് ശതമാനത്തിൽ ബഹുദൂരം മുന്നിലെത്താമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. വിശാലസഖ്യം മുന്നിൽ കണ്ടുകൊണ്ട് കെ.സി.ആറും കരുനീക്കങ്ങളിൽ മാറ്റം വരുത്തി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 8 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവിടങ്ങളില്‍ ടി.ആര്‍.എസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. മറ്റ് സീറ്റുകളില്‍ ടി.ആര്‍.എസിനെ പിന്തുണക്കുന്ന നിലപാടാണവരുടേത്. ‌ടി.ആർ.എസ് അധികാരത്തിൽ വരണമെന്നതാണ് ഉവൈസിയുടെ നിലപാട്. മുസ്‍ലിം വോട്ടുകൾ ഭിന്നിക്കാതിരിക്കാനും തൂക്കുസഭ വന്നാൽ വിലപേശാനും വേണ്ടിയാണ് ജയസാധ്യതയുള്ള എട്ട് സീറ്റുകളില്‍ അവര്‍ മത്സരിക്കാനിറങ്ങിയത്.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

ബിജെപിക്ക് താരതമ്യേന ശക്തി കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയില്‍ മുഴുവൻ സീറ്റുകളിലും അവര്‍ മത്സരിക്കുന്നുണ്ടെങ്കിലും ടി.ആർ.എസുമായി അവസാനഘട്ട നീക്കുപോക്കുകള്‍ സജീവമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ അഞ്ച് സീറ്റ് എന്നതിൽ കുറവ് വന്നാലും അത്ഭുതപ്പെടാനില്ല.

ജനസംഖ്യ മതാടിസ്ഥാനത്തില്‍

 • ഹിന്ദു 85.1
 • മുസ്‍ലിം 12.7
 • ക്രിസ്ത്യന്‍ 1.3
 • മറ്റുള്ളവര്‍ 0.9

സ്വാധീന സമുദായങ്ങൾ

ബ്രാഹ്മണർ, റെഡ്ഢി, കമ്മ, മാല, മാദിഖ എന്നിവരാണ് പ്രധാന ജാതി വിഭാഗങ്ങളെങ്കിലും 12 ശതമാനം വരുന്ന മുസ്‍ലിംകളിലാണ് ഇരു വിഭാഗത്തിന്റെയും പ്രതീക്ഷ. 43 മണ്ഡലങ്ങളിൽ 10 ശതമാനം മുസ്‍ലിംകളാണ് എന്നതാണ് ഇതിന് കാരണം.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

അതുകൊണ്ടുതന്നെയാണ് സർക്കാർ മുസ്‍ലിം വിഭാഗത്തിനായി വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയത്. റെസിഡൻഷ്യൽ സ്കൂളുകൾ, ഇമാമുമാർക്ക് സർക്കാർ ശമ്പളം, വിദേശത്തു പോയിപ്പഠിക്കാന്‍ എട്ടുലക്ഷത്തിന്റെ സബ്സിഡി, മുസ്‍ലിം പെൺകുട്ടികളുടെ വിവാഹത്തിനായി 1,00,116 രൂപ സഹായം നൽകുന്ന ശാദിമുബാറക് പദ്ധതി എന്നിവയെല്ലാം മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആബിദ് റസൂൽഖാൻ, എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം കോ ഓർഡിനേറ്റർ ഖലീകർ റഹ്മാൻ എന്നിവരെ ടി.ആർ.എസിൽ എത്തിക്കുന്നതിൽ ചന്ദ്രശേഖരറാവു വിജയിച്ചു.

വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്

തങ്ങൾ മതേതരപാർട്ടിയാണെന്ന് ടി.ആർ.എസ് വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ ബി.ടീമാണ് ടി.ആർ.എസ് എന്ന കോൺഗ്രസിന്റെ വിമര്‍ശനവും അന്തരീക്ഷത്തിലുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് ടി.ആര്‍.എസ് പലപ്പോഴായി നൽകിയ അവസരോചിത പിന്തുണകൾ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനം. എങ്കിലും പ്രചാരണരംഗത്ത് ബി.ജെ.പി യെയും മോദിയേയും വിമർശിച്ചുകൊണ്ട് ആരോപണത്തിന് തടയിടാന്‍ ടി.ആര്‍.എസ് ശ്രമിക്കുന്നുണ്ട്.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് നേടുന്ന വോട്ടുകളും, കോൺഗ്രസിന്റെ വഴിതടയാൻ ബി.ജെ.പി എടുക്കുന്ന തീരുമാനങ്ങളും, മുസ്‍ലിംകൾക്കിടയിൽ കെ.സി.ആറിനുളള മുൻതൂക്കവും ടി.ആർ.എസിന് അനുകൂലമാകാനാണ് സാധ്യത.