LiveTV

Live

National

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസാണ് വിജയിച്ചത്

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

ബൈറോണ്‍ സിങ്ങ് ശെഖാവത്ത് 1977 - 80 കാലഘട്ടത്തിൽ നയിച്ച ജനതാ സർക്കാറിനെ മാറ്റിനിർത്തിയാൽ 1949 മുതൽ 1990 വരെ നീണ്ടു നിന്നതായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് ഭരണം, 1990 മാർച്ചിൽ ശെഖാവത്ത് ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ വന്നു. 1998 നവംബർ വരെ ഇദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ തുടരുകയും ചെയ്തു. ശേഷമുള്ള രണ്ട് പതിറ്റാണ്ടിനിടയിൽ ആർക്കും ഭരണത്തുടർച്ച രാജസ്ഥാൻ ജനത നൽകിയിട്ടില്ല.

2013 ൽ ഇരുന്നൂറിൽ 163 സീറ്റും 45.2 ശതമാനം വോട്ടും നേടി ബി.ജെ.പി ബഹുദൂരം മുന്നിലെത്തിയപ്പോൾ, 33.19 ശതമാനം വോട്ട് നേടിയ കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങുകയാണുണ്ടായത്. ബി.എസ്.പി 3 സീറ്റും 3.4 ശതമാനം വോട്ടും കൈക്കലാക്കി. എന്‍.പി.പി, 0.23 ശതമാനം വോട്ട് നേടി 4 സീറ്റും എന്‍.യു.ഇസഡ്.പി, 1.01 ശതമാനം വോട്ട് നേടി 2 സീറ്റും സ്വതന്ത്ര്യര്‍ 8.21 ശതമാനം വോട്ടുനേടി 7 സീറ്റും 2013ല്‍ സ്വന്തമാക്കി.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

ഭരണനേട്ടങ്ങൾ

8,500 കോടിയുടെ കാര്‍ഷികവായ്പ എഴുതിതള്ളല്‍ പദ്ധതി, ഒരു കോടിയോളം ഭാമഷാ കാര്‍ഡുകൾ (സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് കുടുംബത്തിലെ സ്ത്രീ അംഗത്തിന് എത്തിക്കാന്‍ നടപ്പാക്കിയ പദ്ധതി) സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി 1,000 രൂപ വിതരണം, പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതിയില്‍ 4 ശതമാനത്തിന്റെ കുറവ് വരുത്തി കൊണ്ടുള്ള പ്രഖ്യാപനം തുടങ്ങി നിരവധി ജനപ്രിയ പദ്ധതികളുമായിട്ടാണ് ഭരണത്തിന്റെ അവസാനഘട്ടത്തില്‍ വസുന്ധരാ രാജെ വന്നിരിക്കുന്നത്. പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് തന്റെ ഭരണനേട്ടങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാനതല പരിപാടി രാജെ സംഘടിപ്പിക്കുകയുണ്ടായി.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

ഭരണവിരുദ്ധ വികാരം

വസുന്ധര രാജ സിന്ധ്യ ശക്തമായ എതിർപ്പുകളാണ് 75 ശതമാനത്തോളം വരുന്ന ഗ്രാമീണ ജനങ്ങളിൽ നിന്നും നേരിടുന്നത്. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും അവര്‍ക്കെതിരെ കരുനീക്കങ്ങള്‍ ശക്തമായി.

കാർഷിക മേഖലയുടെ തകർച്ചയാണ് ഗ്രാമങ്ങളാകെ സർക്കാറിന് എതിരാകുവാൻ ഒരു പ്രധാന കാരണം. സിക്കറിൽ ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമരത്തെ തുടർന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതികളോ കേന്ദ്ര സർക്കാർ വിളകളുടെ താങ്ങുവില ഉയർത്തിയതോ ഒന്നും കർഷകരെ സംതൃപ്തരാക്കിയിട്ടില്ല.

ഗോ സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കിയ കന്നുകാലിക്കച്ചവട നിയന്ത്രണവും തിരിച്ചടി ആയത് കർഷകർക്ക് തന്നെ. ലോകപ്രസിദ്ധമായ പുഷ്കർ മേള പേരിനു മാത്രമായി ചുരുങ്ങുന്നതിനുപോലും ഇത് കാരണമായി.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?
ആൾവറിൽ പെഹ്‌ലുഖാൻ, ഉമർ ഖാൻ എന്നീ ക്ഷീരകർഷകരെ ഗോസംരക്ഷകർ തല്ലിക്കൊന്നതോടെ കർഷകർ കന്നുകാലികളെ വാങ്ങാനോ വിൽക്കാനോ ധൈര്യപ്പെടാത്ത അവസ്ഥ വന്നു.

ആൾവറിൽ പെഹ്‌ലുഖാൻ, ഉമർ ഖാൻ എന്നീ ക്ഷീരകർഷകരെ ഗോസംരക്ഷകർ തല്ലിക്കൊന്നതോടെ കർഷകർ കന്നുകാലികളെ വാങ്ങാനോ വിൽക്കാനോ ധൈര്യപ്പെടാത്ത അവസ്ഥ വന്നു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ചന്തകളിൽ നിന്ന് കാലികളെ വാങ്ങുന്ന കർഷകർ പോലും ആക്രമിക്കപ്പെടാൻ തുടങ്ങിയതോടെ കാർഷിക വിളകളുടെ വിലയിടിവിൽ നിന്ന് രക്ഷനേടാനുള്ള കർഷകരുടെ മാർഗം കൂടിയാണ് അടഞ്ഞത്. ഇത്തരത്തിലുള്ള ആൾക്കൂട്ടാക്രമണങ്ങൾ കൂടുതലും മുസ്‍ലിം വിഭാഗത്തിനു നേരെയായത് ഈ സമുദായമാകെ സർക്കാറിന് എതിരാകുവാനും കാരണമായി. രൂക്ഷമായ തൊഴിലില്ലായ്മ യുവാക്കളുടെയാകെ എതിർപ്പു ക്ഷണിച്ചു വരുത്തുകയും ചെയ്തു.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

പ്രതീക്ഷയിൽ കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഇതില് അജ്മീര്, അല്വാര്‍ ലോക്സഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ 17 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് മുന്നിലെത്തി എന്നത് ശ്രദ്ധേയമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു മുൻതൂക്കം.

സംസ്ഥാന പി.സി.സി പ്രസിഡന്റ് സച്ചിന് പൈലറ്റ്, മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹലോട്ട്, സി.പി ജോഷി, മോഹന്‍ പ്രകാശ് തുടങ്ങി വിവിധ ജാതിസമവാക്യങ്ങളുടെ പ്രതിനിധികളായ എല്ലാവരെയും ഒന്നിച്ച് റാലിയില്‍ കൊണ്ടുവരാനുള്ള രാഹുല്‍ ഗാന്ധിയുടെ മുന്‍കൈയും കോണ്‍ഗ്രസിന്റെ നേട്ടമായാണ് കണക്ക് കൂട്ടുന്നത്.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

ജാതി സമവാക്യങ്ങൾ

 • ആകെ ജനസംഖ്യ- 6.86 കോടി
 • ഗ്രാമവാസികള്‍- 75.13 ശതമാനം
 • നഗരവാസികള്‍- 24.87 ശതമാനം
 • ഹിന്ദു- 88.49 ശതമാനം
 • മുസ്‍ലിം- 9.07 ശതമാനം
 • സിഖ്- 1.27 ശതമാനം
 • ജൈന- 0.91 ശതമാനം
 • ക്രിസ്ത്യന്‍- 0.14 ശതമാനം

രജപുത്രര്‍, ജാട്ട്, ഗുജ്ജര്‍, വൈശ്യ, ബ്രാഹ്മണ, മീണ എന്നിവയാണ് പ്രധാന പ്പെട്ട ജാതി വിഭാഗങ്ങൾ. രജപുത്രര്‍ ബി.ജെ.പിയെയും ജാട്ടുകൾ കോൺഗ്രസിനെയും പിന്തുണക്കുന്നു എന്ന നിലയൊക്കെ മാറിക്കൊണ്ടിരിക്കുന്നു.

രജപുത്രർ രാജയുടെ ഭരണത്തിൽ അസംതൃപ്തരാണ്, ശെഖാവത്തിനെയും ജസ്വന്ത് സിങ്ങിനെയും വേണ്ട വിധത്തിൽ പരിഗണിക്കാതിരുന്നതു മുതൽ കൊള്ളത്തലവൻ അനന്തപാൽ സിങ്ങിന്റെ കൊലപാതകം വരെ ഇതിന് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും കഴിഞ്ഞ ഇരുപത് വർഷത്തെ രാഷ്ട്രീയ ചരിത്രവും പുതിയ സർവേ ഫലങ്ങളും പരിഗണിക്കുമ്പോൾ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കാനാണ് സാധ്യത.

ജസ്വന്ത് സിങ്ങിന്റെ മകനും എം.എൽ.എയുമായിരുന്ന മാനവേന്ദ്ര സിംഗിന്റെ കോൺഗ്രസ് പ്രവേശവും ബി.ജെ.പിക്ക് തിരിച്ചടിയാവാനാണ് സാധ്യത. രജപുത്രരുടെ എതിർ ചേരിയിൽ നിൽക്കുന്ന ജാട്ടുകളുടെ പിന്തുണ നേടാൻ തന്റെ സമുദായ പാരമ്പര്യം വസുന്ധരക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. എങ്കിലും ജാട്ട് നേതാവ് ഹനുമാൻ ബേനിവാളിന്റെ തീരുമാനങ്ങൾ ഇരുപാർട്ടികൾക്കും നിർണായകവുമാണ്.

മാനവേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിക്കൊപ്പം
മാനവേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിക്കൊപ്പം

ഗുജ്ജർ, മീണ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയും ഇത്തവണ നിർണായകമാവും. കോൺഗ്രസ് നേതാവായ സച്ചിൻ പൈലറ്റ് ഗുജ്ജർ സമുദായക്കാരനായതും, ബി.ജെ.പിയിൽ നിന്നകന്ന ഗുജ്ജർ പ്രക്ഷോഭ നേതാവ് കിരോരി സിങ്ങ് ബെൻസ്‌ലെയുടെ നിലപാടുകളും ഈ വിഭാഗത്തിന്റെ വോട്ടുകളെ സ്വാധീനിക്കുവാനാണ് സാധ്യത.

ആറു തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായിരുന്ന ഗണശ്യാം തിവാരി ബി.ജെ.പി വിട്ട് പുതിയ പാർട്ടിയുമായി രംഗത്തെത്തിയത് ബ്രാഹ്മണ വോട്ടുകളിലുള്ള ബി.ജെ.പിയുടെ പ്രതീക്ഷയിലും മങ്ങലേൽപ്പിച്ചിട്ടുണ്ട്. മുസ്‍ലിംകളും പട്ടികജാതി വിഭാഗങ്ങളും കോണ്‍ഗ്രസിന്റെ അടിത്തറക്ക് ബലമേകുന്നു എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

കോൺഗ്രസിനെതിരായി വരുന്ന ഭരണവിരുദ്ധ വികാരം ബി.ജെ.പിയിലേക്ക് ഏകീകരിക്കപ്പെടുകയും ബി.ജെ.പിക്കെതിരാവുമ്പോൾ വിവിധ പാർട്ടികളിലേക്ക് ചിതറിപ്പോവുകയും ചെയ്യുന്നതാണ് ഇതുവരെയുള്ള ചരിത്രം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നര ശതമാനം വോട്ട് ലഭിച്ച ബി.എസ്.പിയുടെയും, ജെ.ഡി.എസ്, സി.പി.ഐ, സി.പി.എം, സി.പി.ഐ.എം.എല്‍, എസ്.പി, രാഷ്ട്രീയ ലോക്ദള്‍ എന്നിവരെല്ലാം കൂടി രൂപീകരിച്ച മൂന്നാം മുന്നണിയുടെയും (സീറ്റ് നേടാനായില്ലെങ്കിലും 25 സീറ്റിലെങ്കിലും വിജയപരാജയങ്ങളെ സ്വാധീനിക്കാൻ ഈ മുന്നണിക്കാവുമെന്നാണ് വിലയിരുത്തൽ) ഇപ്രാവശ്യത്തെ പ്രകടനം അധികാരത്തിലെത്താനുള്ള വഴിയില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും നിർണായകമാണ്.

രാജസ്ഥാനില്‍ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ?

സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും കഴിഞ്ഞ ഇരുപത് വർഷത്തെ രാഷ്ട്രീയ ചരിത്രവും പുതിയ സർവേ ഫലങ്ങളും പരിഗണിക്കുമ്പോൾ ബി.ജെ.പി ഇത്തവണ പ്രതിപക്ഷ ബെഞ്ചിലിരിക്കാനാണ് സാധ്യത.