LiveTV

Live

National

രണ്ടാം ക്ലാസ് വരെ ഭാഷയും കണക്കും മാത്രം, ഹോം വര്‍ക്ക് വേണ്ടാ; പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

സ്കൂള്‍ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

 രണ്ടാം ക്ലാസ് വരെ ഭാഷയും കണക്കും മാത്രം, ഹോം വര്‍ക്ക് വേണ്ടാ; പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഒന്നും രണ്ടും ക്ലാസുകളില്‍ ഇനി ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതി. സ്കൂള്‍ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇത് പ്രകാരം ഒന്ന് രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ. രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കാന്‍ പാടില്ല. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഭാഷക്കും ഗണിതത്തിനും പുറമെ പരിസ്ഥിതി ശാസ്ത്രവും സിലബസില്‍ ഉള്‍പ്പെടുത്താം. എന്‍.സി.ഇ ആര്‍.ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. രണ്ടാം ക്ലാസ് വരെ കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം 1.5 കിലോയില്‍ കവിയരുത്.

മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഇത് 3 കിലോ വരെയാകാം. ആറാം ക്ലാസ് മുതല്‍ ഏഴാം തരം വരെ 4 കിലോ, എട്ടാം തരം മുതല്‍ ഒന്‍പതാം തരം വരെ 4.5 കിലോ, പത്താം തരത്തില്‍ 5 കിലോ എന്നിങ്ങനെയാണ് സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം. പ്രൈമറി തലങ്ങളിലെ കുട്ടികളോട് അധിക പുസ്തകങ്ങളോ വസ്തുക്കളോ കൊണ്ടുവരാന്‍ ആവശ്യപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി തുടങ്ങി.