LiveTV

Live

National

മധ്യപ്രദേശ്, മിസോറം തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ അടിമുടി മാറ്റമായിരുന്നു ബി.ജെ.പിയുടെ തന്ത്രം. ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും മുതലെടുക്കാന്‍ കാടിളക്കിയുള്ള പ്രചാരണം തന്നെ കോണ്‍ഗ്രസ് നടത്തി

മധ്യപ്രദേശ്, മിസോറം തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ‌പ്രചാരണത്തിന്റെ അവസാനത്തില്‍ ഭരണവിരുദ്ധ വികാരവും വിമതശല്യവും ബി.ജെ.പിയുടെ നെഞ്ചിടിപ്പേറ്റുമ്പോള്‍ വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 28നാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്.

ഇന്‍ഡോറില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം. ധര്‍ മണ്ഡലത്തിലും ഇന്ന് അമിത് ഷാ റാലി നടത്തി. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൌഹാന്‍ ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേക ബോണസ് വാഗ്ദാനം ചെയ്തത് കര്‍ഷകരോഷം ബി.ജെ.പിയെ എത്രത്തോളം കുഴക്കുന്നുവെന്നതിന്റെ സൂചനയാണ്.

ഭരണവിരുദ്ധ വികാരത്തിനൊപ്പം വിമത ശല്യവും മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തലവേദനയാണ്. മൂന്നിലൊന്ന് സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് വിമത സ്ഥാനാര്‍ഥികളുണ്ട്. സീറ്റ് ലഭിക്കാത്തവര്‍ പ്രചാരണ രംഗത്തിറങ്ങിയതുമില്ല. അനുകൂല സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. പ്രചാരണരംഗത്ത് മുന്നേറ്റമുണ്ടാക്കാനായത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

മിസോറാമില്‍ ഭരണവിരുദ്ധ വികാരം നേരിടുന്നത് കോണ്‍ഗ്രസാണ്. ബി.ജെ.പിയും എം.എന്‍.എഫുമാണ് എതിര്‍വശത്ത്. ഇരുപക്ഷവും വിജയ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.