LiveTV

Live

National

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

15 വർഷത്തെ ഭരണനേട്ടങ്ങളും മോദി ഭരണവും ചൗഹാന്റെയും മോദിയുടെയും വ്യക്തിപ്രഭാവവും ബി.ജെ.പി ഉയർത്തിക്കാട്ടുമ്പോൾ അഴിമതിയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും നിരത്തി കോൺഗ്രസ് പ്രതിരോധം തീർക്കുന്നു

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഭരണം നിലനിർത്താൻ ബി.ജെ.പിയും അധികാരത്തിലേക്ക് തിരികെ വരാൻ കോൺഗ്രസും പരിശ്രമിക്കുമ്പോൾ മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇരു പാർട്ടികൾക്കും നിർണായകമാണ്. 15 വർഷത്തെ ഭരണനേട്ടങ്ങളും മോദി ഭരണവും ചൗഹാന്റെയും മോദിയുടെയും വ്യക്തിപ്രഭാവവും ബി.ജെ.പി ഉയർത്തിക്കാട്ടുമ്പോൾ അഴിമതിയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും നിരത്തി കോൺഗ്രസ് പ്രതിരോധം തീർക്കുന്നു.

രാജ്യമൊട്ടുക്കും ചർച്ച ചെയ്യപ്പെട്ട വിദ്യാഭ്യാസ അഴിമതിയായിരുന്ന വ്യാപം മോദി സർക്കാറിന് പോലും മങ്ങലേൽപിച്ചു. ഗ്രാമീണ മേഖലയിലെ ജലദൗർലഭ്യതയും കാർഷിക വിളകളുടെ നാശവും കർഷക ആത്മഹത്യകൾക്ക് വഴിവെച്ചു. ഇത് വൻപ്രതിഷേധങ്ങളിലും കർഷക റാലികൾക്ക് നേരെയുള്ള വെടിവെപ്പിലും ആറ് കർഷകരുടെ ജീവഹാനിയിലുമാണ് കലാശിച്ചത്.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

വ്യാവസായിക മേഖലയിൽ നിന്ന് ജി.ഡി.പിയിലേക്കുള്ള സംഭാവന 3.6ൽ നിന്ന് 3.2 ആയി കുറഞ്ഞത് ഈ മേഖലയിലെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. സർക്കാർ സ്കൂളുകളിലെ 17 ശതമാനം വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളും 14 ശതമാനം വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഗണിതവും അറിയില്ല എന്ന റിപ്പോർട്ടുകളും 2017ലെ സാമ്പത്തിക സർവേ പ്രകാരം 14.1 ലക്ഷം തൊഴിൽരഹിതരിൽ 12.9 ലക്ഷവും അഭ്യസ്ഥവിദ്യരാണ് എന്നതുമെല്ലാം ഭരണപരാജയങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത്തവണ അധികാരത്തിൽ വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരില്ല എന്ന് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അണികൾക്ക് മുന്നറിയിപ്പ് നൽകിയത്. കമൽനാഥും ജോതിരാദിത്യ സിന്ധ്യയും മുൻ മുഖ്യമന്ത്രി ദിഗ് വിജയ സിങുമാണ് കോൺഗ്രസ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെയും വിജയവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

കോൺഗ്രസിന്റെ ഉരുക്കുകോട്ട പോലെയായിരുന്നു 1956 മുതൽ 2003 വരെ മധ്യപ്രദേശ്. ഇക്കാലയളവിനുള്ളിൽ 1967-69 കാലയളവിൽ ഗോവിന്ദ് നാരായൺ സിങ്സ് കോൺഗ്രസ് വിട്ട് ലോക് സേവക് ദൾ എന്ന പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി ആയതും 1977-80 കാലത്തെ ജനതാ സർക്കാരും 1990-92 ലെ സുന്ദർലാൽ പട്വവയുടെ ബി.ജെ.പി ഭരണവും ഒഴിച്ചുനിർത്തിയാൽ 2003 വരെ കോൺഗ്രസിന്റെ കൈകളിലായിരുന്നു. 2003ൽ ആകെയുള്ള 230 സീറ്റുകളിൽ 173ഉം നേടി ഉമാഭാരതി മുഖ്യമന്ത്രിയായെങ്കിലും കേവലം 259 ദിവസത്തിന് ശേഷം ഭരണം ബാബുലാൽ ഗൗറിന്റെ കൈകളിലെത്തിയെങ്കിലും 2005 നവംബർ മുതൽ ചൗഹാന്റെ ഭരണത്തിലാണ് മധ്യപ്രദേശ്.

മധ്യപ്രദേശ് ജനസംഖ്യയുടെ 72 ശതമാനവും ഗ്രാമവാസികളാണ്. 90.9 ശതമാനം ഹിന്ദുക്കളും 6.6 ശതമാനം മുസ്‍ലിംകളും 0.9 ശതമാനം ജൈനരും 1.6 ശതമാനം ഇതര മതസ്ഥരുമാണ്. ജാതിസമവാക്യങ്ങൾ ഇവിടെ പാർട്ടികൾക്ക് നിർണായകമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികവർഗക്കാരുള്ള ഒരു സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. 19 ജില്ലകളിലായി ഒന്നരക്കോടിയോളം വരുന്ന ഈ വിഭാഗം ജനസംഖ്യയുടെ 20.3 ശതമാനം വരും. 50.25 ശതമാനം ഒ.ബി.സിയും 15.2 ശതമാനം എസ്.സി വിഭാഗവും 14 ശതമാനം മുന്നോക്കക്കാരുമാണ്.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

ആദിവാസി മേഖലകളിൽ ആർ.എസ്.എസിന് കടന്നു ചെല്ലാൻ കഴിഞ്ഞതോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 47 സംവരണ മണ്ഡലങ്ങളിൽ 31 ബി.ജെ.പിക്കൊപ്പമായിരുന്നു. ബ്രാഹ്മണ വോട്ടുകളിൽ 57 ശതമാനവും ബി.ജെ.പിക്കൊപ്പം നിന്നപ്പോൾ കോൺഗ്രസിന് 22ഉം മറ്റുള്ളവർക്ക് 21 ശതമാനവും ലഭിച്ചു. രജപുത് വിഭാഗത്തിന്റെ 60 ശതമാനവും യാദവ വിഭാഗത്തിന്റെ 67 ശതമാനവും ബി.ജെ.പിക്ക് ലഭിച്ചു.

പട്ടികജാതി വിഭാഗക്കാരുടെ പിന്തുണ 36 ശതമാനം ബി.ജെ.പിക്കും 33 ശതമാനം കോൺഗ്രസിനും ലഭിച്ചപ്പോൾ പട്ടിക വർഗ വിഭാഗത്തിൽ 47 ശതമാനം ബി.ജെ.പിക്കൊപ്പവും 43 ശതമാനം കോൺഗ്രസിനൊപ്പവും നിന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 72 ശതമാനം മുസ്‍ലിംകളും കോൺഗ്രസിനൊപ്പമായിരുന്നു.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

മാള്‍വ-നിമാര്‍, ഗ്വാളിയോര്‍-ചമ്പല്‍, സെന്‍ട്രല്‍ മധ്യപ്രദേശ്, ബുന്ദല്‍ഖണ്ഡ്, മഹാകോശല്‍ , വിന്ധ്യപ്രദേശ് എന്നിങ്ങനെ ആറ് മേഖലകളായി തിരിച്ചിരിക്കുന്നു.

മാൾവ - നിമാർ

ബി.ജെ.പിയുടെ ഉറച്ച കോട്ടയായി കണക്കാക്കുന്ന ഇവിടെ ആകെയുള്ള 66 സീറ്റിൽ 56ഉം നേടിയത് ബി.ജെ.പി ആയിരുന്നു. 2017ൽ കർഷക സമരത്തിന് എതിരായ വെടിവെപ്പിൽ 6 പേർ മരിച്ചത് ഇവിടെയായിരുന്നു.

ഗ്വാളിയോർ - ചമ്പൽ

ദലിത് വോട്ടര്‍മാര്‍ നിര്‍ണായകമായ ഈ മേഖലയില്‍ ബി.എസ്.പിക്ക് നല്ല സ്വാധീനമുണ്ട്. ശക്തമായ ബി.ജെ.പി വിരുദ്ധത ദലിത് വോട്ടര്‍മാര്‍ക്കിടയിലുണ്ട്. എസ്.സി/എസ്.ടി നിയമ ഭേദഗതിക്കെതിരായി ഏപ്രില്‍ രണ്ടിന് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ മേഖലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

സെൻട്രൽ മധ്യപ്രദേശ്

കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ 1998 വരെ കോണ്‍ഗ്രസിനായിരുന്നു മേല്‍കൈ. എന്നാല്‍ ഒന്നര പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായി നിലകൊള്ളുന്നു.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?

ബുന്ദൽഖണ്ഡ്

ഉത്തര്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ എസ്.പിക്കും ബി.എസ്.പിക്കും ഭേദപ്പെട്ട സാന്നിധ്യമുണ്ട്. എന്നാൽ ഈ പാര്‍ട്ടികള്‍ തനിച്ച് മത്സരിക്കുന്നത് പ്രതിപക്ഷ വോട്ടുകളെ പിളര്‍ത്താൻ സാധ്യതയേറെയാണ്.

മഹാകോശൽ

ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മേഖല. 2013ല്‍ പല വിഭാഗങ്ങളായി മത്സരിച്ചിരുന്ന ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി ഇത്തവണ ഏറെക്കുറെ ഏകീകൃതമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

വിന്ധ്യപ്രദേശ്

മുൻ മുഖ്യമന്ത്രി അര്‍ജുന്‍ സിങിന്റെ തട്ടകമായിരുന്ന ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സാദ്ധ്യത. ബി.എസ്.പിയും ഇവിടെ നിർണായകമാണ്.

ചെറു പാർട്ടികളായ ബി.എസ്.പി, എസ്.പി, സപകസ്, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, ജയ്സ് എന്നീ ചെറു പാർട്ടികൾ നേടുന്ന വോട്ടും, ആർ.എസ്.എസിന്റെ പിന്തുണയും മോദിയുടെയും ചൗഹാന്‍റെയും വ്യക്തിപ്രഭാവവും അനുകൂലമായാൽ ബി.ജെ.പിയും ഭരണവിരുദ്ധ വികാരം അനുകൂലമാക്കാൻ കഴിഞ്ഞാൽ കോൺഗ്രസും അധികാരത്തിലെത്തും.