LiveTV

Live

National

“മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലോ എന്ന് ചിന്തിച്ച സമയങ്ങളുണ്ട്”; ഷെഹ്‍ല റാഷിദ് സംസാരിക്കുന്നു

മുസ്‍ലിം കാശ്മീരി യുവതി എന്ന നിലയിൽ എല്ലാ മുസ്‍ലിംകളും തീവ്രവാദികളാണെന്ന് വിശ്വസിച്ച് ഇന്റര്‍നെറ്റിൽ വിഷം തുപ്പുന്ന എല്ലാവർക്കും എളുപ്പത്തിൽ ഇരയാക്കാവുന്ന ഒരാളായിരുന്നു ഈ 29കാരി

“മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലോ എന്ന് ചിന്തിച്ച സമയങ്ങളുണ്ട്”;  ഷെഹ്‍ല റാഷിദ് സംസാരിക്കുന്നു

സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അകന്നു നിൽകുന്നത് കൊണ്ട് മാനസികമായ പ്രയോജനങ്ങളുണ്ടോ? ഉണ്ടെന്നാണ് ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ മുൻ വൈസ് പ്രസിഡൻറായ ഷെഹ്‍ലാ റാഷിദിന്റെ അനുഭവം. ജെ.എൻ.യുവിൽ പഠിക്കുകയും സാമൂഹിക വിഷയങ്ങളിൽ ഏറെ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യുന്ന മുസ്‍ലിം കാശ്മീരി യുവതി എന്ന നിലയിൽ എല്ലാ മുസ്‍ലിംകളും തീവ്രവാദികളാണെന്ന് വിശ്വസിച്ച് ഇന്റര്‍നെറ്റിൽ വിഷം തുപ്പുന്ന എല്ലാവർക്കും എളുപ്പത്തിൽ ഇരയാക്കാവുന്ന ഒരാളായിരുന്നു ഈ 29കാരി. എന്നാൽ ഒരു ദശാബ്ദ കാലത്തെ ഉപയോഗത്തിനു ശേഷം അവർ ഇന്ന് ട്വിറ്ററിനോട് വിട പറഞ്ഞിരിക്കുകയാണ്. അവരുടെ ഈ തീരുമാനം കുറച്ചു പേരെ സന്തോഷിപ്പിക്കുകയും കുറച്ച് പേരെ സങ്കടപ്പെടുത്തുകയും ഒരുപാട് പേരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തീരുമാനം ശരിയായിരുന്നു എന്നു തന്നെയാണ് ഷെഹ്‍ലയുടെ നിലപാട്. “കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ ജീവിതം മെച്ചപ്പെട്ടതായി തോന്നുന്നുണ്ട്. സാധാരണ ഉണർന്ന ഉടനെ ട്വിറ്ററിൽ കയറുന്ന ആളാണ് ഞാൻ. അവിടെ എനിക്കു നേരെ ആളുകൾ കാണിക്കുന്ന വിദ്വേഷം കാരണം ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും എനിക്ക് ശക്തിയുണ്ടാവാറില്ലായിരുന്നു,” അവർ പറയുന്നു.

“മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലോ എന്ന് ചിന്തിച്ച സമയങ്ങളുണ്ട്”;  ഷെഹ്‍ല റാഷിദ് സംസാരിക്കുന്നു

പത്ത് വർഷങ്ങൾക്ക് മുൻപ് ബർഖാ ദത്തിനെയും ഉമർ അബ്ദുള്ളയെയും പിന്തുടരാൻ വേണ്ടിയാണ് അന്ന് എൻ.ഐ.ടി ശ്രീനഗറിൽ വിദ്യാർത്ഥിനിയായിരുന്ന ഷെഹ്‍ലാ റാഷിദ് ട്വിറ്ററിൽ ചേരുന്നത്. വർഷങ്ങൾ കടന്നു പോയതോടെ അവരും സ്വാധീനമുള്ള ഒരു ട്വിറ്റർ ഉപഭോക്താവായി മാറുകയും ആർത്തവത്തെക്കുറിച്ച് ബോധവത്കരണം നടത്താനും കത്വാ ബലാത്സംഗ കേസിലെ ഇരയുടെ കുടുംബത്തിനു വേണ്ടി പണം സ്വരൂപിക്കാനും ഈ സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ പണം താൻ ദുരുപയോഗം ചെയ്യുന്നു എന്നു വരെ ആരോപണങ്ങൾ ഉയരാൻ തുടങ്ങിയപ്പോഴാണ് ട്വിറ്ററിനോട് വിട പറയാൻ സമയമായി എന്നവർ തിരിച്ചറിയുന്നത്. എന്നെങ്കിലും തിരിച്ചു വരുമെങ്കിലും തൽകാലത്തേക്ക് സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കുന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്. ഷെഹ്‍ലാ റാഷിദുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

മുൻപ് പലപ്പോഴും ഉന്നയിക്കപ്പെട്ട ചോദ്യമാണ്. ട്വിറ്റർ ഉപേക്ഷിക്കാനുള്ള യഥാർത്ഥ കാരണം എന്തായിരുന്നു?

ആറക്ക ശമ്പളം കിട്ടുന്ന സുഖകരമായ ഒരു ജോലി നേടാൻ എനിക്ക് ഒരു പ്രയാസവുമില്ല. എന്നിട്ടും ഞാൻ ഒരു ആക്ടിവിസ്റ്റായത് ഞാൻ വൈകാരികമായി ചിന്തിക്കുന്നതു കൊണ്ടാണ്. മറ്റുള്ളവരോട് കരുണ കാണിക്കാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുന്നവരാണ് ആക്ടിവിസ്റ്റുകൾ. പക്ഷെ ഞങ്ങൾക്കെതിരെ വരുന്ന വിദ്വേഷത്തെ പൂർണമായും അവഗണിക്കാനോ അത് കണ്ടതായി ഭാവിക്കാതിരിക്കാനോ ഞങ്ങൾക്ക് എപ്പോഴും സാധിക്കണമെന്നില്ല. മാനസിക പീഢനം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഞാൻ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കാറില്ല. എന്നോടും ആളുകൾ അതേ രീതിയിൽ പെരുമാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ വേറൊരു സമുദായത്തിൽ നിന്നായതു കൊണ്ട് മാത്രം ഇതിനോട് പൊരുത്തപ്പെട്ടു പോകാൻ എനിക്ക് സാധിക്കില്ല. എനിക്ക് നേരിടേണ്ടി വന്ന വിദ്വേഷത്തിന്റെ അളവ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാൻ ഒരു പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിൽ നിന്നുള്ളതാണെന്ന വസ്തുതയാണ് പലർക്കും ഇതിന് ധൈര്യം കൊടുക്കുന്നത്. എന്നെ അവർ ഐ.എസ് അനുകൂലിയെന്ന് വിളിച്ചിട്ടുണ്ട്. ഞാനൊരു മുസ്‍ലിമായതു കൊണ്ട് അവർക്ക് ഒന്നും സംഭവിക്കുന്നില്ല. മോദിയെ ഇതേ പോലെ അപഹസിക്കാൻ ശ്രമിച്ചു നോക്കിയാൽ നേരെ തടവറയിലെത്തും.

ഞാൻ ഒരു പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിൽ നിന്നുള്ളതാണെന്ന വസ്തുതയാണ് പലർക്കും ഇതിന് ധൈര്യം കൊടുക്കുന്നത്. എന്നെ അവർ ഐ.എസ് അനുകൂലിയെന്ന് വിളിച്ചിട്ടുണ്ട്. ഞാനൊരു മുസ്‍ലിമായതു കൊണ്ട് അവർക്ക് ഒന്നും സംഭവിക്കുന്നില്ല.

എന്നെങ്കിലും ട്വിറ്ററില്‍ തിരിച്ചു കയറുമോ?

അറിയില്ല. ഇപ്പോൾ ഏതായാലും എനിക്ക് എന്നെ തന്നെ ഒന്ന് ശരിയാക്കിയെടുക്കാനുള്ള സമയമാണ്. ഇതിനെയൊക്കെ കുറിച്ച് പരാതിപ്പെട്ടാലും ആരും ഗൗരവമായി എടുക്കുന്നില്ല. 2019ലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടു കൂടി ഈ ആക്രമണങ്ങൾ വർധിക്കാൻ പോകുന്നേ ഉള്ളൂ. ബി.ജെ.പിയുടെ ഐ.ടി സെല്ലുകൾ അതിനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യത്തിൽ ട്വിറ്ററും ഉത്തരവാദിത്ത്വം ഏറ്റെടുത്തേ മതിയാവൂ. അവർ നിഷ്പക്ഷരാണെന്ന് സ്വയം വാദിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്. ഈ ആക്രമണങ്ങൾ നമ്മുടെ സമൂഹത്തെ തന്നെ താഴോട്ടേക്ക് വലിക്കുന്നു. എന്നെ പിന്തുണക്കുന്നവർ പോലും ഞാൻ മറുപക്ഷത്തുള്ള ആരയെങ്കിലും അഭിനന്ദിച്ചാൽ അസ്വസ്ഥരാകുന്നു. നമുക്കിടയിൽ വളരെയധികം ധ്രുവീകരണം സംഭവിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇപ്പോഴും സാന്നിധ്യമുണ്ടല്ലോ?

അവിടെ കാര്യങ്ങൾ അത്ര മോശമല്ല. മറ്റുള്ളവരുമായി സംവദിക്കാൻ എനിക്ക് അവ ഉപയോഗപ്പെടുന്നുണ്ട്. ഞാനിപ്പോൾ ചാനൽ ചർച്ചകളിൽ പോകാറില്ല. അവസാനമായി പോയപ്പോൾ ഒരു ആർ.എസ്.എസ് പ്രചാരകൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു, “രാമമന്ദിരം എന്തായാലും പണിയുമെന്ന് മാത്രമല്ല, നിങ്ങൾ അവിടെ ആരതി വെക്കുകയും ചെയ്യും.”

ചില കാര്യങ്ങളെങ്കിലും ചിരിപ്പിച്ചിട്ടുണ്ടോ?

‘ക്രിസ്ലാമോകോമ്മി’ എന്ന വാക്ക് കേട്ടിട്ടുണ്ടോ? എന്നെ വിവരിക്കാൻ ഷെഫാലി വൈദ്യ ഒരിക്കൽ ഉപയോഗിച്ച വാക്കാണത്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. നല്ല തമാശയായിരുന്നു അത്.

രണ്ട് പ്രയോഗങ്ങളാണ് എന്നെ വളരെയധികം വേദനിപ്പിക്കുന്നത്. മദ്രസയിൽ വിദ്യാഭ്യാസം നേടിയവളെന്ന തരത്തിൽ എന്നെ ‘മദ്രസക്കുട്ടി’ എന്ന് വിളിക്കുന്നതാണ് ഒന്ന്. ഞാനെപ്പോഴും ക്ലാസിൽ ഒന്നാമതായിരുന്നു. എന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലടക്കം. പക്ഷെ ജീവിതത്തിൽ എന്ത് നേടിയാലും ഒരാൾ മുസ്‍ലിമാണെങ്കിൽ അയാൾ ഇത് തന്നെ കേൾക്കേണ്ടി വരും. എന്നാൽ മദ്രസയിലെ പഠനത്തിന് ചെലവ് കുറവായതിനാൽ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഹിന്ദുക്കൾ പോലും അവരുടെ മക്കളെ മദ്രസകളിൽ അയക്കാറുണ്ടെന്ന് ഇവർക്കറിയാമോ?

ഞാനെന്തെഴുതിയാലും എന്നെ ‘ഹലാലയുടെ സന്താനം’ എന്ന് വിളിക്കുന്നവരുണ്ടായിരുന്നു. ഇതിന്റെ അർത്ഥമറിയാത്തതു കൊണ്ട് കുറേ കാലം ഞാനതിനെ കാര്യമാക്കാൻ പോയില്ല. പക്ഷെ പിന്നീട് അർത്ഥമറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇങ്ങനെയുള്ള ആളുകളിൽ പലരെയും പ്രധാനമന്ത്രിയും വലതുപക്ഷ ശക്തികളും പിന്തുണക്കുകയും ട്വിറ്ററിൽ പിന്തുടരുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കെതിരെ എന്തെഴുതിയാലും അവർക്കൊന്നും സംഭവിക്കുന്നില്ല. എനിക്കെതിരെ വന്ന ബലാത്സംഗ ഭീഷണികളുടെ എണ്ണം പോലും ഞാനിവിടെ കണക്കിലെടുത്തിട്ടില്ല.

പക്ഷെ ജീവിതത്തിൽ എന്ത് നേടിയാലും ഒരാൾ മുസ്‍ലിമാണെങ്കിൽ അയാൾ ഇത് തന്നെ കേൾക്കേണ്ടി വരും. എന്നാൽ മദ്രസയിലെ പഠനത്തിന് ചെലവ് കുറവായതിനാൽ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഹിന്ദുക്കൾ പോലും അവരുടെ മക്കളെ മദ്രസകളിൽ അയക്കാറുണ്ടെന്ന് ഇവർക്കറിയാമോ?

അത്തരം ഭീക്ഷണികൾക്കെതിരെ പരാതിപ്പെട്ടിട്ടുണ്ടോ?

ആർക്കെതിരെയാണ് ഞാൻ പരാതി കൊടുക്കേണ്ടത്? അഭിജിത്ത് ഭട്ടാചാര്യ ഒരിക്കൽ എന്നെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു. അത് ഒരുപാട് പേരെ ദേഷ്യപ്പെടുത്തിയെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ട് കേട്ട് അതിനോട് എനിക്ക് ഒരു വികാരവും തോന്നാതായിരുന്നു. നമ്മളെങ്ങനെയായിപ്പോയി. ഈ മോശം റോഡുകളോടും മാലിന്യത്തോടും നമ്മൾ പൊരുത്തപ്പെടുന്നതു പോലെ ഇതിനോടും ഒരു തരം നിർവികാരം വളർന്നിരുന്നു.

“മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലോ എന്ന് ചിന്തിച്ച സമയങ്ങളുണ്ട്”;  ഷെഹ്‍ല റാഷിദ് സംസാരിക്കുന്നു

നിങ്ങളെ തീവ്രവാദിയെന്ന് വിളിച്ചപ്പോൾ പോലും ഒന്നും തോന്നിയില്ലേ?

ഞാൻ ആയിരക്കണക്കിന് വട്ടം തീവ്രവാദിയെന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുഖ്യധാരയിലുള്ള മുസ്‍ലിംകൾ തീവ്രചിന്താഗതികൾക്കെതിരെ പോരാടുന്നുണ്ടെന്ന് ഇവർ മനസ്സിലാക്കുന്നില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേറെയും വഴികളുണ്ടെന്ന് ഞങ്ങൾക്കറിയാം. തീവ്രവാദ ആക്രമണങ്ങൾ ഞങ്ങളെയാണ് കൂടുതൽ ബാധിക്കുന്നത്. മുസ്‍ലിംകൾ മുഖ്യധാരയുടെ ഭാഗമാകണമെന്ന് കേട്ടാണ് ഞാൻ വളർന്നത്. പക്ഷെ അങ്ങനെ ചെയ്താൽ ആളുകൾ ഞങ്ങളെ അകറ്റിനിർത്തുന്നു. എന്നെ പോലെയുള്ള മുസ്‍ലിംകളെ ഇങ്ങനെ ആക്രമിക്കുന്നതിലൂടെ മറ്റു മുസ്‍ലിംകൾക്ക് എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? മുഖ്യധാരയിൽ പ്രവേശിക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും അത് അവർക്ക് പ്രചോദനം നൽകുമെന്ന് തോന്നുന്നുണ്ടോ?

ഇത്തരം ആക്രമണങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ?

ഞാനൊരിക്കലും ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്ത് പോയിട്ടില്ല. എന്നാൽ പലപ്പോഴും പോകണമെന്ന് തോന്നിപ്പോയിട്ടുണ്ട്. അത്രക്ക് മോശം കാര്യങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. എന്റെ സ്വാഭിമാനത്തെ വല്ലാതെ ബാധിച്ച കാര്യങ്ങൾ.

“മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലോ എന്ന് ചിന്തിച്ച സമയങ്ങളുണ്ട്”;  ഷെഹ്‍ല റാഷിദ് സംസാരിക്കുന്നു

ഈ ആക്രമണങ്ങളൊക്കെ മറന്ന് കുറച്ച് നേരത്തേക്ക് കുറച്ചുകൂടി സന്തോഷകരമായ കാര്യങ്ങൾ സംസാരിച്ചാലോ? ചെറുപ്പത്തിൽ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നോ?

ഞാൻ പോയ സ്കൂളിൽ ഞങ്ങൾക്ക് ലൈബ്രറി ഉപയോഗിക്കാൻ ഒരിക്കലും അനുവാദം കിട്ടാറില്ലായിരുന്നു. ഞാൻ പലപ്പോഴും ബാത്ത്റൂമിൽ പോവുന്നതായി ഭാവിച്ച് ലൈബ്രറിയിലേക്ക് പോയി 10 മിനുറ്റ് പുസ്തകം വായിച്ച് തിരിച്ചുവരും. എന്നെ ഇഷ്ടമായിരുന്നത് കൊണ്ട് ലൈബ്രറി സൂക്ഷിപ്പുകാരന്‍ എനിക്ക് പുസ്തകങ്ങൾ കടം തരാൻ തുടങ്ങി. ആറാം ക്ലാസിൽ വെച്ചാണ് ഞാൻ അടിമ വ്യാപാരത്തെക്കുറിച്ച് വായിക്കുന്നത്. ഏഴിൽ വെച്ച് ഞാൻ ചാൾസ് ഡിക്കൻസും മനഃശാസ്ത്രവും വായിച്ചു. വീട്ടിൽ അമ്മയ്ക്ക് വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. ക്ലാസിലെ എല്ലാവരും പാഠങ്ങളൊക്കെ മനഃപാഠമാക്കിയാണ് പരീക്ഷ എഴുതിയത്. പക്ഷെ എനിക്കിത് ശരിയായില്ല. ഞാൻ മാസികകളും പത്രങ്ങളും മറ്റും വായിച്ച് സ്വന്തം വാക്കുകളിൽ എഴുതാൻ ശ്രമിച്ചു. അധ്യാപകർക്കിത് വളരെ ഇഷ്ടപ്പെട്ടു. അത് എഴുത്തിന്റെ കാര്യത്തിൽ ക്ലാസിൽ പുതിയൊരു തുടക്കം കുറിക്കാൻ സഹായിച്ചു.

ജെ.എൻ.യുവിൽ പഠിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നോ?

2012ലാണ് ഞാൻ ജെ.എൻ.യുവിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഞാൻ അന്ന് ഐ.ഐ.എം.ബിയിൽ വനിതാ നേതൃത്വത്തിൽ മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യുകയായിരുന്നു. അതിൻറെ ഭാഗമായി ഒരാഴ്ച ഞാൻ ജെ.എൻ.യുവിലെ ക്ലാസുകളുടെ ഭാഗമായി. അന്നാണ് ലിംഗത്തെക്കുറിച്ചുള്ള ഒരു ശരിയായ ചിത്രം എന്റെ മനസ്സിൽ വരുന്നത്. അവിടെയുള്ള അധ്യാപകരുടെ നിലവാരം എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെയാണ് ഞാനവിടെ ചേരാൻ തീരുമാനിക്കുന്നത്. കാര്യങ്ങളെ മനസ്സിലാക്കാനും എന്റേതായ രീതിയിൽ സമീപിക്കാനും ജെ.എൻ.യു സഹായിക്കുമെന്ന് എനിക്ക് തോന്നി.

ദേശവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന കാലത്തെ ജെ.എൻ.യു ജീവിതം എങ്ങനെയായിരുന്നു?

ആദ്യമൊക്കെ വിഷമകരമായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷെ വിദ്യാർത്ഥികൾ ഒരുമിച്ചു നിന്നത് ഞങ്ങൾക്ക് ശക്തി പകർന്നു. അതിനു മുൻപ് ഞാൻ ‘ഒക്യുപൈ യു.ജി.സി’ മുന്നേറ്റത്തിൽ പങ്കുചേർന്നിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കനയ്യയെ അറസ്റ്റ് ചെയ്തപ്പോൾ അങ്ങേയറ്റം ഞെട്ടൽ തോന്നി.

കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്