LiveTV

Live

National

‘മിണ്ടാതിരുന്നോ, ഇല്ലെങ്കില്‍ മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടും’ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്

ഇതിന് മുമ്പും സംബിത് പത്ര വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ച് അപമാനിച്ചിരുന്നു.

‘മിണ്ടാതിരുന്നോ, ഇല്ലെങ്കില്‍ മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടും’ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്

മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്. ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് സംബിത് പത്ര ഭീഷണിയുമായി രംഗത്തെത്തിയത്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോടായിരുന്നു പത്രയുടെ രോഷാകുലമായ വാക്കുകള്‍.

ഉത്തര്‍പ്രദേശില്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചാനല്‍ ചര്‍ച്ച. ലക്നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര്, ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് മാറ്റിയതിനെ കുറിച്ച് അസീം വഖാര്‍ പരാമര്‍ശിച്ചു. ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണ്. ഇത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്ന് വഖാര്‍ പറഞ്ഞു.

ഇതോടെ സംബിത് പത്ര രോഷാകുലനായി. നിങ്ങളൊരു വിഷ്ണു ഭക്തനാണോ അല്ലാഹുവിന്റെ ഭക്തനാണോയെന്നായിരുന്നു വഖാറിനോട് പത്രയുടെ ചോദ്യം. ഇതിന് മറുപടിയായി താന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നയാളാണെന്ന് വഖാര്‍ മറുപടി നല്‍കി. എങ്കില്‍ ശബ്ദമുണ്ടാക്കാതെ മിണ്ടാതിരിക്കണമെന്നും ഇല്ലെങ്കില്‍ മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്നും പത്ര ഭീഷണി മുഴക്കി.

പത്രയുടെ ഭീഷണി ഇതിനകം സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിന് മുമ്പും സംബിത് പത്ര വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ച് അപമാനിച്ചിരുന്നു. ഇതോടെ പരിപാടിയുടെ അവതാരകനായ രജ്ദീപ് സര്‍ദേശായിക്ക് മാപ്പ് പറയേണ്ടിയും വന്നു.