LiveTV

Live

National

“റഫാല്‍ വിമാനങ്ങളുടെ ശരിക്കുള്ള വില എത്രയെന്ന് സൈനികരോടെങ്കിലും പറയാമായിരുന്നു” 

സ്വന്തം പരിശ്രമം വിജയം കാണില്ലെന്ന് ഉറപ്പുള്ളപ്പോഴാണ് മോദി ഭഗവാന്‍ ശ്രീരാമനെ ഓര്‍ക്കുന്നതെന്ന്, അയോധ്യയിലെ രാമക്ഷേത്ര വിവാദം പരാമര്‍ശിച്ച് കനയ്യ പറഞ്ഞു

“റഫാല്‍ വിമാനങ്ങളുടെ ശരിക്കുള്ള വില എത്രയെന്ന് സൈനികരോടെങ്കിലും പറയാമായിരുന്നു” 

മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാര്‍. കേദാര്‍നാഥിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഫാല്‍ വിമാനങ്ങളുടെ ശരിക്കുള്ള വില എത്രയെന്ന് അവരോടെങ്കിലും പറയണമായിരുന്നുവെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. സ്വന്തം പരിശ്രമം വിജയം കാണില്ലെന്ന് ഉറപ്പുള്ളപ്പോഴാണ് മോദി ഭഗവാന്‍ ശ്രീരാമനെ ഓര്‍ക്കുന്നതെന്ന്, അയോധ്യയിലെ രാമക്ഷേത്ര വിവാദം പരാമര്‍ശിച്ച് കനയ്യ പറഞ്ഞു. ബിഹാറിലെ ബഗുസരെയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാളാണ് കനയ്യ കുമാര്‍. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ബഗുസരെയില്‍ നിന്ന് കനയ്യ മത്സരിക്കുമെന്നാണ് സൂചന. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടായാല്‍ താന്‍ എന്തായാലും മത്സരിക്കുമെന്ന് കനയ്യ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് തേജസ്വി യാദവ് എന്നായിരുന്നു കനയ്യ കുമാറിന്‍റെ മറുപടി. പുതിയ തലമുറ ബിഹാറിലെയും ഉത്തര്‍ പ്രദേശിലെയും രാജ്യത്തെയും തന്നെ രാഷ്ട്രീയം മാറ്റിമറിക്കുമെന്നും കനയ്യ പറഞ്ഞു.