LiveTV

Live

National

മിസോറാം ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ എസ്.ബി ശശാങ്കിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

മിസോറാമില്‍ ചീഫ് ഇലക്‍ട്രല്‍ ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച് സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധപ്പെടുത്തിയേക്കും

മിസോറാം ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ എസ്.ബി ശശാങ്കിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

മിസോറാമില്‍ ചീഫ് ഇലക്‍ട്രല്‍ ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച് സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധപ്പെടുത്തിയേക്കും. എസ്. ബി ശശാങ്കിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുധീര്‍ ജയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്. മിസോറാം ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ എസ്.ബി ശശാങ്കിനെ സ്ഥാനത്ത് നിന്ന് മാറ്റാനാണ് സാധ്യത

കനത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ എസ്.ബി ശശാങ്കിനെ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കാനാണ് സാധ്യത. അന്തിമ തീരുമാനം ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത് നടപടിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്.

ശശാങ്ക് പുറത്താക്കിയ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുനര്‍നിയമിക്കണമെന്നും ബ്രൂ വിഭാഗക്കാരായ അഭയാര്‍ത്ഥികളെ ത്രിപുരയിലെ ക്യാന്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതില്‍ ബ്രൂ വിഭാഗക്കാരോട് മിസോറാമില്‍ എത്തിത്തന്നെ വോട്ട് ചെയ്യണമെന്ന് ഉത്തരവിടുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് സാധ്യത. തുടര്‍ന്ന് ശശാങ്കിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചേക്കും. സംഘടനകളുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്താനും സാധ്യതയുണ്ട്.

മിസോറാമില്‍ കനത്ത പ്രതിഷേധമാണ് ചീഫ് ഇലക്‍ട്രല്‍ ഓഫീസര്‍ക്ക് എതിരെ ഉണ്ടായത്. ശശാങ്കിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ശശാങ്കിനെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന കടുത്ത നിലപാട് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.