LiveTV

Live

National

മോദി സര്‍ക്കാരിന്റെ ‘59 മിനിറ്റില്‍ വായ്പ’ പദ്ധതിയും വിവാദത്തില്‍

മേഖലയില്‍ വേണ്ടത്ര പരിചയമില്ലാത്ത അഹമ്മദാബാദിലെ ഒരു സ്റ്റാര്‍ട്ടപ് കമ്പനിയാണ് ക്യാപിറ്റ വേള്‍ഡ്. ഇവരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്തെന്നും വ്യക്തമല്ല.

മോദി സര്‍ക്കാരിന്റെ ‘59 മിനിറ്റില്‍ വായ്പ’ പദ്ധതിയും വിവാദത്തില്‍

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിറ്റില്‍ വായ്പയെന്ന മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതിയും വിവാദത്തില്‍. അപേക്ഷകള്‍ പരിഗണിച്ച് വായ്പക്ക് അനുമതി നല്‍കാന്‍ നിയോഗിച്ചിരിക്കുന്നത് ഈ മേഖലയില്‍ മുന്‍ പരിചയമില്ലാത്ത ക്യാപിറ്റ വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ്. ഇവര്‍ക്ക് വന്‍ തുക കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്ന തരത്തിലാണ് കരാറെന്നും ആക്ഷേപമുണ്ട്.

ദീപാവലി സമ്മാനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് 59 മിനിറ്റില്‍ ഒരു കോടി രൂപ വരെ വായ്പ. psbloansin59minutes.com എന്ന വെബ്സൈറ്റില്‍ അപേക്ഷിച്ചാല്‍ 59 മിനിറ്റിനുള്ളില്‍ മറുപടി ലഭിക്കും. അപേക്ഷകരുടെ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി പരിശോധന നടത്തിയ ശേഷം വായ്പ നല്‍കുന്ന ബാങ്കുമായി അപേക്ഷകരെ ബന്ധപ്പെടുത്തിക്കൊണ്ട് ഈമെയില്‍ സന്ദേശം വരിക കാപിറ്റ വേള്‍ഡില്‍ നിന്നാണ്. അപേക്ഷ ഫീസ് 1180 രൂപ ലഭിക്കുക ക്യാപിറ്റ വേള്‍ഡിന് ലഭിക്കും. വായ്പാ തുകയുടെ 0.35 ശതമാനവും ഇവര്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് കരാര്‍.

മേഖലയില്‍ വേണ്ടത്ര പരിചയമില്ലാത്ത അഹമ്മദാബാദിലെ ഒരു സ്റ്റാര്‍ട്ടപ് കമ്പനിയാണ് ക്യാപിറ്റ വേള്‍ഡ്. ഇവരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമല്ല. അപേക്ഷകരുടെ ആദായം, ആദായനികുതി, ജി.എസ്.ടി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ കൂടി കമ്പനിക്ക് ലഭിക്കുന്നു.

ഇതിനകം തന്നെ 2 ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചതായും 24,000 കോടിയുടെ വായ്പ അനുവദിച്ചതായും ക്യാപിറ്റ വേള്‍ഡ് തന്നെ അറിയിക്കുന്നു. അഹമ്മദാബാദുകാരായ ജിനന്‍ദ് ഷാ, ക്രുണാല്‍ സേത്, വിനോദ് മോധ എന്നിവരാണ് കമ്പനിയുടമകള്‍.