LiveTV

Live

National

പേര് മാറ്റം ‘ഹോബി’യാക്കി കേന്ദ്രം; ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയത് 25 സ്ഥലങ്ങളുടെ പേരുമാറ്റത്തിന്

നിലവില്‍ കേന്ദ്രം തീരുമാനമെടുക്കാന്‍ ബാക്കിയുള്ളത് പശ്ചിമ ബംഗാളിന്‍റെ കാര്യത്തിലാണ്.

പേര് മാറ്റം ‘ഹോബി’യാക്കി കേന്ദ്രം; ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയത് 25 സ്ഥലങ്ങളുടെ പേരുമാറ്റത്തിന്

കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ 25 സ്ഥലങ്ങളുടെ പേരുമാറ്റത്തിന് അനുമതി നല്‍കി. ഇവയില്‍ നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടും. നിലവില്‍ കേന്ദ്രം തീരുമാനമെടുക്കാന്‍ ബാക്കിയുള്ളത് പശ്ചിമ ബംഗാളിന്‍റെ കാര്യത്തിലാണ്.

റെയില്‍, പോസ്റ്റ് ആന്‍റ് സര്‍വെ വകുപ്പുകളുടെ സമ്മതം ലഭിച്ച് കഴിഞ്ഞാണ് ആഭ്യന്തര മന്ത്രാലയം പേരുമാറ്റത്തിന് പച്ചക്കൊടി കാട്ടുന്നത്. അതേപേരില്‍ വേറെ നഗരങ്ങളോ ഗ്രാമങ്ങളോ ഉണ്ടോ എന്നാണ് ഈ വകുപ്പുകള്‍ പരിശോധിക്കുന്നത്. അതേസമയം സംസ്ഥാനങ്ങളുടെ പേരുമാറ്റാന്‍ ഭരണഘടനാ ഭേദഗതി വേണം.

സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പശ്ചിമ ബംഗാളിന്‍റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന ആവശ്യമാണ് ആഭ്യന്തര മന്ത്രാലയത്തിന് മുന്‍പിലുള്ളത്. ഇക്കാര്യത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് എന്ന പേരുമായുള്ള സാദൃശ്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. 2011ലാണ് ഏറ്റവും ഒടുവില്‍ സംസ്ഥാനത്തിന്‍റെ പേര് മാറ്റിയത്. ഒറീസ ഒഡീഷയാക്കി മാറ്റിയതാണ് ഒടുവിലത്തെ മാറ്റം.

അലഹബാദിനെ പ്രയാഗ്‍രാജെന്നും ഫൈസാബാദിനെ അയോധ്യയെന്നും നാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ആവശ്യം ആഭ്യന്തര മന്ത്രാലയത്തിന് മുന്‍പില്‍ എത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനമുണ്ടാവുക. പിന്നാലെ അഹമ്മദാബാദിന്‍റെ പേര് മാറ്റി കര്‍ണാവതി എന്നാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നീക്കം തുടങ്ങി.

Also read: അലഹബാദ് ഇനി പ്രയാഗ്‍രാജ്; പേര് മാറ്റം ഉടനെന്ന് യോഗി

തെലങ്കാനില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദ്രാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റി മഹാന്മാരുടെ പേര് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് രാജാ സിങ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുഗല്‍സരായി റെയില്‍വെ സ്റ്റേഷന്‍റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കി മാറ്റിയിരുന്നു.

Also read: അഹമ്മദാബാദിനെ കര്‍ണാവതിയാക്കാന്‍ നീക്കം

ആന്ധ്ര പ്രദേശിലെ രാജാമുന്ദ്രിയെ രാജമഹേന്ദ്രവരം എന്നാക്കിയതും ഹരിയാനയിലെ പിണ്ഡാരിയെ പാണ്ഡു പിണ്ഡാരയെന്നും മഹാരാഷ്ട്രയിലെ ലാന്‍ഗേവാടിയെ നരസിംഹഗോണ്‍ എന്നും രാജസ്ഥാനിലെ ഖാടു കാലനെ ബാരി ഖാടുയെന്നും മധ്യപ്രദേശിലെ മിഹഗവന്‍ ഛകയെ മിഹ്ഗവന്‍ സര്‍ക്കാരെന്നും മാറ്റിയത് ഒരു വര്‍ഷത്തെ മാറ്റങ്ങളില്‍ ചിലതാണ്.