LiveTV

Live

National

ഭാര്യയുടെ ഓര്‍മക്ക് ചെറു താജ്മഹല്‍ നിര്‍മിച്ച വൃദ്ധന്‍ വാഹനമിടിച്ച് മരിച്ചു

ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഖദ്രിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

ഭാര്യയുടെ ഓര്‍മക്ക് ചെറു താജ്മഹല്‍ നിര്‍മിച്ച വൃദ്ധന്‍ വാഹനമിടിച്ച് മരിച്ചു

ഫൈസുല്‍ ഹസന്‍ ഖദ്രി എന്ന 83 കാരനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പേര് കേട്ടാല്‍ ഓര്‍ക്കാത്തവര്‍ക്ക്, ഭാര്യയുടെ ഓര്‍മക്ക് മിനി താജ്മഹല്‍ നിര്‍മിച്ച വൃദ്ധനെന്ന് പറഞ്ഞാല്‍ മനസിലായേക്കും. ഉത്തര്‍പ്രദേശിലെ ബലുന്ദ്ഷര്‍ ജില്ലയിലാണ് മരണപ്പെട്ട ഭാര്യയുടെ ഓര്‍മ്മക്കായി താജ്മഹലിന്‍റെ ചെറുമാതൃക ഇദ്ദേഹം നിര്‍മിച്ചത്.

കേസര്‍ കലനിലാണ് ഖദ്രിയെ വാഹനമിടിച്ച നിലയില്‍ കണ്ടെത്തിയത്. 83 കാരനായ ഇദ്ദേഹം പോസ്റ്റ്മാസ്റ്ററായി വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഖദ്രിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 1953 ലാണ് തേജ മുല്ലി ബീബിയെ ഖദ്രി വിവാഹം ചെയ്തത്. ഭാര്യ മരണപ്പെട്ടതോടെ തന്‍റെ സ്നേഹഭാജനത്തിന് ഖദ്രി ഒരു സ്നേഹകുടീരം നിര്‍മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2012 ല്‍ താജ്മഹലിന്‍റെ ചെറുരൂപം അദ്ദേഹം നിര്‍മിച്ചു. പക്ഷേ തന്‍റെ ഒരു ആയുസ് മുഴുവന്‍ സമ്പാദിച്ചതൊക്കെയും ചെലവിട്ടിട്ടും സ്നേഹ കുടീരം പൂര്‍ണമാക്കാനായില്ല.

ഭാര്യയുടെ ഓര്‍മക്ക് ചെറു താജ്മഹല്‍ നിര്‍മിക്കുന്ന ഖദ്രിയെ കുറിച്ചും അദ്ദേഹത്തിന്‍റെ ജീവിതചുറ്റുപാടുകളെ കുറിച്ചും അറിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്നേഹകുടീരം പൂര്‍ണമാക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ വാഗ്ദാനം സ്നേഹപൂര്‍വം നിരസിച്ച ഖദ്രി, ആ പണം ഉപയോഗിച്ച് തന്‍റെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു കോളജ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. ഖദ്രിയുടെ ഈ ആഗ്രഹം സമാജ്‍വാദി പാര്‍ട്ടി സഫലമാക്കുകയും ചെയ്തു. ഏതായാലും ഖദ്രി നിര്‍മിച്ച താജ്മഹലില്‍ ഭാര്യയുടെ സമീപം തന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമത്തിനുള്ള സ്ഥലവുമൊരുക്കുകയാണ് ബന്ധുക്കള്‍.