LiveTV

Live

National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

230 മണ്ഡ!ലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും ഇന്റലിജന്‍സ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റിപ്പോര്‍ട്ട് നല്‍കി. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുന്നുവെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നും ഇന്റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി ആറ് സീറ്റും വരെ നേടാനാണ് സാധ്യത. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തീര്‍ക്കാനായിട്ടില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി, തങ്ങളോട് കൂറുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതില്‍ കഴിഞ്ഞ ദിവസം ദിഗ്‌വിജയ് സിങും ജോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷന്റെ മുന്‍പില്‍ വച്ച് പരസ്യവാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകവരെ ചെയ്തു.

അതേസമയം 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മന്ത്രിമാരായ നരോട്ടം മിശ്ര, യശോദരരാജെ സിന്ധ്യ എന്നിവര്‍ ഡാട്യ, ശിവപുരി എന്നിവിടങ്ങളിലും മത്സരിക്കും. ഇതിന് പുറമെ മിസോറാമിലെ 24 അംഗ സ്ഥാനാര്‍ത്ഥിപട്ടികയും തെലങ്കാനയിലെ 28 അംഗ സ്ഥാനാര്‍ത്ഥിപട്ടികയും ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.